
കട്ടപ്പന: ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ നേതൃത്വത്തിൽ സായുധസേനാ പതാക ദിനാഘോഷവും പതാക വിതരണ ഉദ്ഘാടനവും വിമുക്തഭടന്മാർക്കുള്ള ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു. കട്ടപ്പന മുൻസിപ്പൽ ടൗൺഹാളിൽ നടന്ന പരിപാടി നഗരസഭ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ടോക്കൺ ഫ്‌ളാഗുകളും കാർ ഫ്‌ളാഗുകളും വിതരണം ചെയ്ത് വിമുക്ത ഭടന്മാരുടെയും കുടുംബങ്ങളുടെയും ക്ഷേമത്തിനായുള്ള പതാക ദിന ഫണ്ട് ശേഖരണവും നടന്നു. ഇടുക്കി സബ് കളക്ടർ അരുൺ എസ്. നായർ അദ്ധ്യക്ഷത വഹിച്ചു. ഡിജിറ്റൽ ബാങ്കിങ്, സ്പർശ് എന്നിവയെക്കുറിച്ച് ബോധവത്കരണ ക്ലാസും നടത്തി.
ജില്ലാ സൈനികക്ഷേമ ഓഫീസർ എ. കിഷൻ, ജില്ലാ സൈനിക ബോർഡ് വൈസ് പ്രസിഡന്റ് ശിവരാമൻ എം.പി, അഖില ഭാരതീയ പൂർവ്വ സൈനിക് സേവ പരിഷത്ത് ജില്ലാ പ്രസിഡന്റ് ഹരി.സി.ശേഖർ, കേരളാ സ്റ്റേറ്റ് എക്‌സ് സർവ്വീസസ് ലീഗ് കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് ഷാജി എബ്രഹാം, സുബിൻ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.