തൊടുപുഴ: നാളിതുവരെ ജില്ലയിൽ ഉണ്ടായ ഭൂപ്രശ്‌നങ്ങൾ ഒന്ന് പോലും പരിഹരിക്കാൻ കഴിയാത്തതിനാൽ മലയോര മേഖലയെ കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള 'സ്വയംഭരണ വികസന അതോറിട്ടി' യായി പ്രഖ്യാപിക്കണമെന്ന് കേരളത്തിലെ ഭൂപ്രശ്‌നങ്ങൾ പഠിക്കാനും പരിഹരിക്കാനും നിയമപരമായി നേരിടാനും വേണ്ടി രൂപീകരിച്ചിട്ടുള്ള 'ആദ്ര' (ഏജൻസി ഫോർ ഹ്യൂമൻ ഡെവലപ്മെന്റ് ആന്റ് റൂറൽ അപ്രൈസൽ) ആവശ്യപ്പെട്ടു. വനവും പരിസ്ഥിതിയും സംരക്ഷിക്കുന്നതോടൊപ്പം ജില്ലയിലെ കർഷകരെയും വ്യാപാരികളെയും തൊഴിലാളികളെയും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ കീഴിൽ മലയോര വികസന അതോറിട്ടി രൂപീകരിക്കണമെന്ന ആവിശ്യം 'ആദ്ര' ഉന്നയിക്കുന്നത്.
ഇത് സംബന്ധിച്ച് ജില്ലയിലെ മുതിർന്ന രാഷ്ട്രീയ, പൊതുപ്രവർത്തക, കർഷക നേതാക്കളുമായും, രാഷ്ട്രീയ, മത, സമുദായ, കർഷക, തൊഴിൽ സംഘടനാ നേതാക്കളുമായും 'ആദ്ര' ആശയവിനിമയം നടത്തി വരികയാണ്. 'മലയോര സ്വയംഭരണ വികസന അതോറിട്ടി' യുടെ രൂപീകരണ ആവശ്യം പ്രഖ്യാപിക്കുന്ന ജനകീയ കൺവൻഷൻ ഡിസംബർ അവസാനം നടത്തുമെന്ന് 'ആദ്ര' പ്രസിഡന്റ് പി.എ. വേലുക്കുട്ടൻ അറിയിച്ചു.