കുമളി: പഞ്ചായത്തിന് വികസനത്തിന് സ്ഥലം നല്കുന്നതിന്റെ പേരിൽ തോട്ടം ഭൂമി മുറിച്ചു വിൽക്കുന്നു . തോട്ടം മേഖലയിലെ എസ്റ്റേറ്റ് ഭൂമി തുണ്ടുകളാക്കി റിയൽ എസ്റ്റേറ്റ് മാഫി​യ വിൽപ്പനയ്ക്കായി തയ്യാറെടുക്കുകയാണ്.ചുരക്കുളം എസ്റ്റേറ്റിന്റെ ചെളിമടയ്ക്ക് സമീപമുള്ള സ്ഥലമാണ് തോട്ടം ഉടമയിൽ നിന്നു വാങ്ങി മറിച്ചു വിൽപ്പന നടത്തുന്നത്. തോട്ടം വ്യവസായത്തിനല്ലാതെ മുറിച്ചു വിൽക്കാൻ നിയമമില്ല. ലാൻഡ് റവന്യൂ കമ്മീഷണറും കളക്ടറും ഇടപെട്ടിട്ടുംവിൽപ്പന തടയാനാകുന്നില്ല. മുൻപ് പെരിയാർ വില്ലേജിൽ ഉൾപ്പെട്ടിരുന്നതും ഇപ്പോൾ കുമളി വില്ലേജിന്റെ ഭാഗമായ തോട്ടത്തിന്റെ ഭൂമിയാണ് മുറിച്ച് വിൽക്കുന്നത്. ഈ ഭൂമിയിൽനിന്നും പഞ്ചായത്തിന്റെ വികസനത്തിനു വേണ്ടി സ്ഥലം കുമളി പഞ്ചായത്ത് വാങ്ങാൻ പദ്ധതിയുണ്ട്. പഞ്ചായത്ത് സ്റ്റേഡിയം, ബഡ്‌സ്‌കൂൾ ,എന്നിവയ്ക്കാണ് പഞ്ചായത്ത് സ്ഥലം വാങ്ങുന്നത് . ഇതിന്റെ മറവിൽ സ്വകാര്യ വ്യക്തികൾ ഭൂമി വാങ്ങി മറിച്ചു വിൽപ്പന നടത്തുന്നയാണ് ആക്ഷേപം. ലാൻഡ് റവന്യൂ കമ്മീഷണർ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. തോട്ടത്തിന്റെ ആകെയുള്ള അഞ്ചു ശതമാനം സ്ഥലം അനുബന്ധ കൃഷികൾക്കായി മാറ്റാമെന്ന് പറഞ്ഞിരുന്നു . എന്നാൽ ഇത് പ്രകാരം പഴത്തി​നും,പച്ചക്കറി​ക്കുമുള്ള ചെടി​കൾ വച്ചുപിടിപ്പിച്ച് തോട്ടം ലാഭകരമാക്കാനാണ് സ്ഥലം മാറ്റാമെന്ന് പറഞ്ഞിട്ടുള്ളത് . തോട്ടം മേഖല നഷ്ടത്തിൽ പ്രവർത്തിക്കാതിരിക്കാനും തൊഴിലാളികളെ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് പ്ലന്റേഷന്റെ അഞ്ചു ശതമാനം സ്ഥലം അനുബന്ധ കൃഷികൾ നടത്താനായി മാറ്റാമെന്നു സർക്കാർ പറഞ്ഞിട്ടുള്ളത്. അനുബന്ധ കൃഷികൾ കൂടി ചെയ്ത് തോട്ടം മേഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാന ഗവൺമെന്റ് ഇപ്രകാരം തീരുമാനം എടുത്തിട്ടുള്ളത് കെട്ടിടങ്ങളും, റിസോർട്ടുകളും തോട്ടം ഭൂമിയിൽ വയ്ക്കാൻ നിയമമില്ല. എന്നാൽ ബന്ധപ്പെട്ട സ്ഥലത്തിന് കുമളി വില്ലേജിലെ അടിസ്ഥാനനികുതി രജിസ്റ്ററിൽ പുരയിടം എന്ന് രേഖപ്പെടുത്തിയിരിക്കുന്നതിനാൽ കെട്ടിടം പണിയാൻ തടസ്സമില്ലെന്ന് കുമളി വില്ലേജ് ഓഫീസർ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. തോട്ടം നികുതി അടച്ചിരുന്നതാണെന്നും തോട്ടം ഭൂമിയാണെന്നുള്ള വസ്തുതകൾ മറച്ചുവെച്ചാണ് സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളത്.