കട്ടപ്പന: ജില്ലയിലെ ഭൂ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ രാഷ്ട്രീയ പാർട്ടികൾ പരാജയപ്പെട്ടെന്ന് ആരോപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തോളം സംഘടനകൾ വ്യാപക പ്രക്ഷോഭത്തിനൊരുങ്ങുന്നു. കട്ടപ്പന മർച്ചന്റ്‌സ് അസോസിയേഷൻ, എച്ച്.എം.ടി.എ, കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ, ഓട്ടോ മൊബൈൽ വർക്ക് ഷോപ്പ് അസോസിയേഷൻ, ലയൺസ്- റോട്ടറി ക്ലബുകൾ, ഫ്രണ്ട്‌സ് ഓഫ് കട്ടപ്പന, ഇല നേച്ചർ ക്ലബ്, ചിരി ക്ലബ്, വിവിധ റെസിഡന്റ്‌സ് അസോസിയേഷനുകൾ, സ്വയം സഹായ സംഘങ്ങൾ തുടങ്ങിയവയുടെ നേതൃത്വത്തിലാണ് ജില്ല കണ്ടതിൽ വച്ച് ഏറ്റവും വലിയ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. നിർമ്മാണ നിരോധനം, ബഫർ സോൺ തുടങ്ങിയ വിഷയങ്ങളിൽ അടിയന്തര പരിഹാരം കാണാമെന്ന് മൂന്ന് വർഷം മുമ്പ് മുഖ്യമന്ത്രി ഉറപ്പ് നൽകിയതാണ്. എന്നാൽ ഒരു ഫലവും ഉണ്ടായില്ല. നിർമാണ നിരോധനം മൂലം ജില്ല സ്തംഭിച്ച അവസ്ഥയിലാണ്. മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ അടച്ചു പൂട്ടലിന്റെ വക്കോളമെത്തി. ആയിരക്കണക്കിന് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. നിലവിലുള്ള നിർമ്മിതികൾ തകർക്കപ്പെട്ട മരട് ഫ്‌ളാറ്റുകൾ നേരിട്ട ഭീഷണിയിലാണ്. മലയോര മേഖലയിൽ ജീവിക്കാനാവാത്ത വിധം സർക്കാർ ജനത്തെ ബന്ദികളാക്കിയിരിക്കുന്നതായി സമരസമിതി നേതാക്കൾ പറയുന്നു. സുപ്രീം കോടതിയും ഹൈക്കോടതിയും ചട്ടം ഭേദഗതി ചെയ്ത് പ്രശ്‌നം പരിഹരിക്കാൻ നിർദ്ദേശിച്ചിട്ടും സർക്കാർ നടപടി സ്വീകരിച്ചിട്ടില്ല. രാഷ്ട്രീയ പാർട്ടികളെ ആശ്രയിച്ചാൽ വരും തലമുറ പെരുവഴിയിലാകുമെന്ന ഭീതി മൂലമാണ് ശക്തമായ പ്രക്ഷോഭവുമായി ഇറങ്ങുന്നതെന്ന് വിവിധ സംഘടനാ നേതാക്കളായ സിബി കൊല്ലംകുടി, പി.കെ. ഗോപി, അഡ്വ. എം.കെ. തോമസ്, കെ.പി. ഹസൻ, സാജൻ ജോർജ്, പി.കെ. മാണി കൊച്ചുപുരക്കൽ, പൊന്നച്ചൻ ജോസഫ്, കെ.വി. വിശ്വനാഥൻ, അപ്പച്ചൻ തെന്നാട്ടിൽ, ജോർജ് തോമസ്, രാജേഷ് നാരായണൻ, വിൻസെന്റ് വി. കുര്യൻ, പി.കെ. ജോഷി എന്നിവർ അറിയിച്ചു.
3 വർഷം, 1500 സ്ഥാപനങ്ങൾ പൂട്ടി
മൂന്ന് വർഷത്തിനുള്ളിൽ ജില്ലയിൽ സാമ്പത്തിക ബാദ്ധ്യത മൂലം 1500 സ്ഥാപനങ്ങൾ പൂട്ടിയതായി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഭാരവാഹികൾ പറഞ്ഞു. ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പലതും അടച്ചു പൂട്ടലിന്റെ വക്കിലാണ്. നിർമ്മാണ നിരോധനം മൂലം പണികൾ നടക്കാത്തതിനാൽ സ്ഥാപനങ്ങളിൽ കച്ചവടം നടക്കുന്നില്ല. ബാങ്ക് വായ്പകൾ തിരിച്ചടയ്ക്കാൻ പോലും മാർഗ്ഗമില്ലാതെ വ്യാപാരികൾ വലയുകയാണെന്നും ഇവർ പറഞ്ഞു. സമരത്തിന് മന്നോടിയായി വിവിധ സംഘടനകൾ ചേർന്ന് ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്‌മെന്റ് എന്ന സംഘടനയ്ക്ക് രൂപം നൽകി.
സമരപ്രഖ്യാപന
കൺവെൻഷൻ നാളെ
സംഘടനയുടെ നേതൃത്വത്തിലുള്ള സമര പ്രഖ്യാപന കൺവെൻഷനും പ്രതിഷേധ പ്രകടനവും നാളെ കട്ടപ്പനയിൽ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ഇടുക്കി കവലയിൽ നിന്ന് പ്രകടനം ആരംഭിക്കും. തുടർന്ന് നടക്കുന്ന സമ്മേളനം വ്യാപാരി വ്യവസായി ഏകോപന സമിതി വർക്കിംഗ് പ്രസിഡന്റ് കെ.ആർ. വിനോദ് ഉദ്ഘാടനം ചെയ്യും. ഇതിന് മന്നോടിയായി ഉച്ചകഴിഞ്ഞ് രണ്ട് മുതൽ അഞ്ചു വരെ വ്യാപാരസ്ഥാപനങ്ങൾ അടച്ചിടും.