അടിമാലി: പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ പഞ്ചായത്ത് കെട്ടിടങ്ങൾ ലേലം ചെയ്യാതെ സ്വകാര്യ വ്യക്തികൾക്ക് വിട്ടു നൽകിയ സംഭവത്തിൽ വിജിലൻസ് റെയ്ഡ് .വർഷങ്ങളായി സ്വകാര്യ ബസ് സ്റ്റാൻഡിൽ അടിമാലി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥ തയിലുള്ള കടമുറികൾ ചില സ്വകാര്യ വ്യക്തികൾ വാടക പുതുക്കുകയോ യഥാസമയം ലേലം ചെയ്യുന്നതിന് വിട്ടു നൽകുകയോ ചെയ്യാതെ അനധികൃതമായി കൈവശം വച്ച് ഉപയോഗിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസിന്റെ പരിശോധന.ചില സ്വകാര്യ വ്യക്തികൾ നിസ്സാര വാടകയ്ക്ക് പഞ്ചായത്തിൽ നിന്നും ലേലം ചെയ്‌തെടുത്ത കടമുറികൾ 10 ലക്ഷത്തിലധികം രൂപ വാങ്ങി മറിച്ചു വിൽക്കുകയും രൂപമാറ്റം വരുത്തി വൻ തുകയ്ക്ക് മറിച്ച് വാടകയ്ക്ക് നൽകുകയും ചെയ്തിരുന്നു.കൂടാതെ ലേലത്തിൽ പങ്കെടുക്കാൻ എത്തിയ ചിലർ സംഭവത്തിലെ അഴിമതി സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിജിലൻസിനെ സമീപിച്ചു.ഇതേ തുടർന്ന് വിജിലൻസ് സംഘം സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു.ലേലം ചെയ്യാതെ കടമുറികൾ നൽകിയ സംഭവവുമായി ബന്ധപ്പെട്ട് അടിമാലി പഞ്ചായത്ത് ഓഫീസിൽ നിന്നും വിവിധ രേഖകൾ സംഘം കസ്റ്റഡിയിലെടുത്തു.വിജിലൻ സംഘത്തിന്റെ പ്രാഥമിക പരിശോധനയിൽ 30 വർഷത്തി ലധികമായി ചില സ്വകാര്യ വ്യക്തികൾ പഞ്ചായത്തിന്റെ കടമുറികൾ കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.വിജിലൻസ് ഡിവൈ.എസ്.പി ഷാജു ജോസിന്റെ നേതൃത്വത്തിൽഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ തുടങ്ങിയ റെയ്ഡ് നാലുമണിയോടെയാണ് അവസാനിച്ചത്.