
മൂന്നാർ: തോട്ടം തൊഴിലാളികളുടെ ശമ്പള കരാർ അവസാനിച്ച് 11 മാസം കഴിഞ്ഞിട്ടും കരാർ പുതുക്കാൻ ഇടപ്പെടാതെ സർക്കാർ തൊഴിലാളികളെ വഞ്ചിക്കുന്നതായി പ്ലാന്റേഷൻ വർക്കേഴ്‌സ് ഫെഡറേഷൻ (ഐ .എൻ.ടി യു.സി) സംസ്ഥാന പ്രസിഡന്റ് പി .ജെ.ജോയി എക്സ് എം.എൽ.എ പറഞ്ഞു.
ശമ്പള വർദ്ധനവ് നടപ്പിലാക്കുക, രണ്ടു യൂണിറ്റ് വീട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സൗത്ത് ഇൻഡ്യൻ പ്ലാന്റേഷൻ വർക്കേഴ്‌സ് യൂണിയൻ ലേബർ ആഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 700 രൂപ ദിവസ വേതനം ഉറപ്പു വരുത്തുമെന്ന് നിയമസഭയിൽ പ്രഖ്യാപിച്ച മുഖ്യമന്ത്രി ആ ഉറപ്പു പാലിക്കണം. വേതനവും സേവന വ്യവസ്ഥകളും പുതുക്കണം. വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.
കേന്ദ്ര സർക്കാർ തൊഴിൽ നിയമങ്ങൾ മുതലാളിമാർക്കായി മാറ്റി എഴുതുകയാണ്.കേരള സർക്കാരും അതേ പാത പിന്തുടരുകയാണ് ജോയി പറഞ്ഞു.
യൂണിയൻ പ്രസിഡന്റ് എ.കെ.മണി അദ്ധ്യക്ഷത വഹിച്ചു.ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പി.ആർ .അയ്യപ്പൻ, യൂണിയൻ ഭാരവാഹികളായ ജി.മുനിയാണ്ടി, ഡി കുമാർ, ആർ കറുപ്പസാമി, ജയരാജ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.മണിമൊഴി, കനകമ്മ, അഷ്ടലക്ഷ്മി എന്നിവർ സംസാരിച്ചു.