കട്ടപ്പന :തമിഴ്‌നാട്ടിൽ നിന്നും ഹൈറേഞ്ചിലേയ്ക്ക് കൊണ്ടു വരുന്ന നിർമ്മാണ സാമഗ്രികൾക്ക് ഗുണ്ടാ പിരിവ് നൽകേണ്ടി വരുന്നത് നിർമ്മാണ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. തമിഴ് നാട്ടിലെ കമ്പം, തേനി എന്നിവിടങ്ങളിൽ നിന്നും കൊണ്ടുവരുന്ന സാമഗ്രികൾക്കാണ് ലോഡ് ഒന്നിന് 1800രൂപ നിരക്കിൽ പിരിവ് നൽകേണ്ടി വരുന്നത്. ഒരു യൂണിറ്റ് ലോഡിന് 300രൂപയാണ് ഗുണ്ടാ സംഘം നിശ്ചയിച്ചിരിക്കുന്ന നിരക്ക്. ഒരു ഫുൾ ലോഡ് ആറ് യൂണിറ്റ് ആണ്. തമിഴ് നാട്ടിലെ ചെക്ക് പോസ്റ്റ് കൾക്ക് സമാന്തരമായി നിലയുറപ്പിച്ചിരിക്കുന്ന ഗുണ്ടാസംഘം പണം കൈപ്പറ്റിയ ശേഷം ഒരു സ്ലിപ്പ് വാഹനങ്ങൾക്ക് നൽകും. ഇത് ചെക്ക് പോസ്റ്റുകളിൽ കാണിച്ചാൽ മാത്രമേ വാഹനങ്ങൾ കടത്തിവിടുകയുള്ളു എന്ന് പറയുന്നു. ഇത് കൂടാതെ വിവിധ ചെക്ക് പോസ്റ്റുകളിലും മറ്റ് ഉദ്യോഗസ്ഥർക്കും ലോഡ് ഒന്നിന് 2500മുതൽ 3000രൂപ വരെ നൽകിയാണ് ലോഡ് ലക്ഷ്യ സ്ഥാനത്ത് എത്തിക്കുന്നതെന്ന് വാഹന ഉടമകൾ പറയുന്നു
നിർമ്മാണ നിരോധനം മൂലം കടുത്ത ദുരിതത്തിലായ ഹൈറേഞ്ച് നിവാസികൾക്ക് ഈ വില വർദ്ധനവ് കടുത്ത ആഘാതമായി.ഗുണ്ടാപ്പിരിവ്, വഴിപ്പിരിവ്, സ്വാഭാവിക വിലവർദ്ധന തുടങ്ങി എല്ലാ അധിക ഭാരവും താങ്ങേണ്ടി വരുന്നത് സാധാരണക്കാരാണ്. ലോഡ് വില വർദ്ധന മൂലം ഹോളോബ്രിക്‌സ്, തറയോടുകൾ തുടങ്ങിയവയുടെ വിലയിൽ സ്വാഭാവിക വർദ്ധനവ് ഉണ്ടാകും. ഇത് ചെറുകിട നിർമ്മാണ പ്രവർത്തനങ്ങളെ സാരമായി ബാധിക്കും. ഇതിനിടെ സിമിന്റിന് കൃത്രിമ ക്ഷാമം വരുത്തുന്നതായും പറയുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഒരു ചാക്കിന് 60മുതൽ 80രൂപ വരെ വർദ്ധിച്ചു. ഇപ്പോൾ 450ആണ് ശരാശരി വില. സമസ്ത സാമഗ്രികളുടെയും വിലവർദ്ധനവ് ഹൈറേഞ്ചിനെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ചെക്ക് പോസ്റ്റിന് അനുബന്ധമായുള്ള ഗുണ്ടാപ്പിരിവ് അവസാനിപ്പിക്കാൻ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ടോറസ്, ടിപ്പർ ഉടമകൾ മുഖ്യ മന്ത്രി, റവന്യുമന്ത്രി, ജില്ലാ കളക്ടർ , ഇരു സംസ്ഥാനങ്ങളിലെയും പൊലീസ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.
ഒരുലോഡിന്
ആയിരംരൂപ കൂടി
ജില്ലയിലെ പൊതുമരാമത്ത് റോഡുകൾ ഭൂരിഭാഗവും നിർമ്മിക്കാൻ തമിഴ്നാട്ടിൽനിന്നുള്ള ലോഡുകൾ അനിവാര്യമാണ്. ഹൈറേഞ്ചിലെ ക്രഷർ മെറ്റൽ യൂണിറ്റുകളെല്ലാം പ്രവർത്തനം നിലച്ചതോടെയാണ് തമിഴ്നാടിനെ ആശ്രയിക്കേണ്ട സ്ഥിതിയായത്. എം സാൻഡ്, പി സാൻഡ്, 6, 12, 20, 40എം. എം മെറ്റിലുകൾ തുടങ്ങിയവയാണ് തമിഴ് നാട്ടിൽ നിന്ന് കൂടുതലായും കൊണ്ടു വരുന്നത്. ഒരു ലോഡിന് 37000ആയിരുന്ന എം സാൻഡിന് കഴിഞ്ഞ ആഴ്ച 1000രൂപ വർദ്ധിച്ച് 38000ആയി. എല്ലാ സാമഗ്രികൾക്കും ഈ രീതിയിൽ വില വർദ്ധിച്ചിട്ടുണ്ട്.