കട്ടപ്പന :ആഫ്രിക്കൻ പന്നിപ്പനി സ്ഥീരീകരിച്ച കട്ടപ്പന നഗരസഭയിലെ പന്ത്രണ്ടാം വാർഡിൽ നിരപ്പേൽകട ചേന്നാട്ട് ഷാജിയുടെ ഫാമിലെ പന്നികളെ ദയാവധത്തിന് വിധേയമാക്കി. രണ്ടാഴ്ച മുൻപാണ് ഈ ഫാമിലെ ആദ്യ പന്നി ചത്തത്.തുടർന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ എത്തി സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. രണ്ട് സാമ്പിളുകൾ ശേഖരിച്ച് ഭോപ്പാൽ, ബാംഗ്ലൂർ എന്നിവിടങ്ങളിലെ ലാബുകളിലേയ്ക്കാണ് പരിശോധനയ്ക്ക് അയച്ചത്. 12 ദിവസങ്ങൾക്കു ശേഷമാണ് പന്നിപ്പനി സ്ഥിരീകരിച്ച് പരിശോധനാ ഫലം വന്നത്. . ഈ കാലയളവിനുള്ളിൽ ഈ ഫാമിലെ 128 പന്നികൾ ചത്തിരുന്നു. ബാക്കി വന്ന 12 എണ്ണത്തിനെയാണ് ജില്ലാ എപ്പിഡെമോളജിസ്റ്റ് ഡോ. നിശാന്ത് എം.പ്രഭയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ദയാവധം നടത്തിയത്
രോഗം സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിൽനിന്ന് പന്നിമാംസ വിതരണവും വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റ് പ്രദേശങ്ങളിൽനിന്ന് നിരീക്ഷണ മേഖലയിലേക്ക് കൊണ്ടുവരുന്നതും താൽക്കാലികമായി നിരോധിച്ചു.