തൊടുപുഴ : പൊലീസ് സ്റ്റേഷനു സമീപം തൊടുപുഴ ആറ്റിൽചാടി യുവാവിന്റെ ആത്മഹത്യ ശ്രമം. കോലാനി സ്വദേശി ജോജോ ജോർജ്ജാണ് കുടുംബപ്രശ്നത്തെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ചത്. പൊലീസും ഫയർഫോഴ്‌സും രണ്ടുമണിക്കൂർ ശ്രമിച്ചാണ് ഇയാളെ രക്ഷപെടുത്തിയത്. ഇന്നലെ ഉച്ചയോടെയാണ് പാലത്തിൽ നിന്നും തൊടുപുഴയാറ്റിലേക്ക് യുവാവ് ചാടിയത്. സംഭവം കണ്ട വഴിയാത്രക്കാർ ഉടൻ തന്നെ വിവരം പൊലീസിനെ അറിയിച്ചു. ഒഴുക്ക് ശക്തമായ പുഴയിലേക്കിറങ്ങാൻ പൊലീസിന് സാധിച്ചില്ല. തുടർന്ന് ഫയർഫോഴ്‌സിനെ വിളിച്ച് വരുത്തി. ഈ സമയം ഒഴുക്കിൽപ്പെട്ട് ഭയന്ന ജോജോ പാലത്തിന്റെ കോൺക്രീറ്റ് തൂണിൽ പിടിച്ച് രക്ഷപെടാനുള്ള ശ്രമവും നടത്തി. അഗ്‌നിരക്ഷാ സേനാംഗം നീന്തിയെത്തി ജോജോയെ സുരക്ഷിതനാക്കി. തുടർന്ന് പാലത്തിൽ നിന്നും കെട്ടിയ വടത്തിൽ തൂങ്ങിയാണ് സേനാംഗങ്ങൾ പുഴയിലേക്കിറങ്ങിയത്. പിന്നീട് വലയുപയോഗിച്ച് ജോജോയെ കരയ്‌ക്കെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി.
ഇടുക്കി സ്വദേശിയായ യുവതിയുമായി ജോജോ ജോർജ്ജ് പ്രണയത്തിലായിരുന്നു. വീട്ടിൽ നിന്നും ഇറങ്ങിയ യുവതി കഴിഞ്ഞ നവംബർ 11 മുതൽ യുവാവിനോപ്പം കോലാനിയിലായിരുന്നു താമസം. എന്നാൽ ജോജോ നേരത്തെ മറ്റൊരു വിവാഹം ചെയ്തിരുന്നുവെന്ന വിവരം അറിഞ്ഞതോടെ യുവതി ബന്ധത്തിൽ നിന്നും പിന്തിരിഞ്ഞു. ഇന്നലെ രാവിലെ തൊടുപുഴ പൊലീസ് സ്റ്റേനിലെത്തിയ യുവതി മാതാപിതാക്കൾക്കോപ്പം പോകുകയായിരുന്നു. ഇതേ തുടർന്നാണ് യുവാവ് പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്.