അപേക്ഷ ഡിസംബർ 18 വരെ നീട്ടി
ആധാർ കാർഡ് ബന്ധിപ്പിക്കൽ 56.06 ശതമാനമായി
ഇടുക്കി: പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ ഉൾപ്പെടാത്തവർക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി 18 വരെ നീട്ടി. അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കാം. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ വർഷം മുതൽ ജനുവരി 1 കൂടാതെ തുടർന്നു വരുന്ന 3 യോഗ്യതാ തീയതികളിൽ (ഏപ്രിൽ 1, ജൂലായ് 1, ഒക്ടോബർ 1 ) 18 വയസ്സ് പൂർത്തിയാകുന്നവർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ മുൻകൂറായി അപേക്ഷ നൽകാവുന്നതാണ്. അപേക്ഷ നേരത്തേ സ്വീകരിക്കുമെങ്കിലും അപേക്ഷകർക്ക് 18 വയസ് പൂർത്തിയാകുന്നതനുസരിച്ച് മാത്രമേ വോട്ടർ പട്ടികയിൽ പേരുൾപ്പെടുത്തി തിരിച്ചറിയൽ കാർഡ് നൽകൂ.
ഇതോടൊപ്പം വോട്ടർ തിരിച്ചറിയൽ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കുന്ന നടപടികളും നടന്നുവരുന്നുണ്ട്. ജില്ലയിൽ തിരിച്ചറിയൽ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിച്ച വരുടെ എണ്ണം 56.06 ശതമാനമായി.
തിരഞ്ഞെടുപ്പു കമ്മീഷന്റെ www.nvsp.in എന്ന വെബ്‌സൈറ്റ്, VOTER HELPLINE APP (V.H.A) , എന്നീ സംവിധാനങ്ങൾക്ക് പുറമെ ബൂത്ത് ലെവൽ ഓഫീസർ മുഖേന ഫോം 6 ബി സമർപ്പിച്ചും വോട്ടർ ഐ.ഡി കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് ജില്ലയിലൂടനീളം പ്രത്യേക ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്. ഈ അവസരം എല്ലാ ജനങ്ങളും പരമാവധി വിനിയോഗിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.