തൊടുപുഴ :കേരളാ യൂത്ത് ഫ്രണ്ടിന്റെയും കേരളാ സ്റ്റുഡന്റ്‌സ് കോൺഗ്രസിന്റെയും ആഭിമുഖ്യത്തിൽ
കെബോൾ 2022 എന്ന പേരിൽസെവൻസ് ഫുട്ബോൾ ടൂർണമെന്റ് തൊടുപുഴയിൽ നടക്കും.

ഞായറാഴ്ച്ച രാവിലെ 9 മുതൽ വെങ്ങല്ലൂർ ഡർബി 06 ഫുട്‌ബോൾ ടർഫിൽ നടക്കുന്ന മത്സരത്തിൽ വിവിധ ജില്ലകളിൽനിന്നായി ഇരുപതോളം ടീമുകൾ മാറ്റുരയ്ക്കും. 'ഹൈ ഫ്രം എൻഡോർഫിൻ ആന്റ് നോ ടു ഡ്രഗ്‌സ്' എന്നതാണ് ഫുട്‌ബോൾ മത്സരങ്ങളുടെ സന്ദേശം. കേരളാ കോൺഗ്രസ് സംസ്ഥാന ടീമും യൂത്ത് ഫ്രണ്ട് തൊടുപുഴ നിയോജക മണ്ഡലം ടീമും തമ്മിലുള്ള സൗഹൃദ മത്സരം കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എ കിക്കോഫ് ചെയ്ത് കെബോൾ 2022 ഉദ്ഘാടനം ചെയ്യും. രാവിലെ 8 മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും. ഒന്നാം സമ്മാനം 10000 രൂപയും ട്രോഫിയും, രണ്ടും മൂന്നും സമ്മാനങ്ങളായി യഥാക്രമം 5000 രൂപയും ട്രോഫിയും, 3000 രൂപയും ട്രോഫിയും വിജയികൾക്ക് നൽകും. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി രക്ഷാധികാരി അഡ്വ.ജോസി ജേക്കബ്, ചീഫ് കോർഡിനേറ്റർ അപു ജോൺ ജോസഫ്, അഡ്വ. ജോസഫ് ജോൺ, സന്തോഷ് ട്രോഫി മുൻ താരം സലീംകുട്ടി, യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡന്റ് ബൈജു വറവുങ്കൽ, കെ .എസ്.സി നിയോജക മണ്ഡലം പ്രസിഡന്റ് അജോ പ്ലാക്കൂട്ടം എന്നിവർ പങ്കെടുത്തു.