തൊടുപുഴ: ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്ന് കിടിലൻ ഉല്ലാസ യാത്രക്ക് അവസരം ഒരുക്കുന്നു.ആഡംബര സൗകര്യങ്ങളുള്ള ക്രൂയിസ് കപ്പലിൽ യാത്ര ചെയ്യാനാണ് പദ്ധതി ആവിഷ്‌ക്കരിക്കുന്നത്.ജില്ലയിൽ നിന്നുള്ള ബജറ്റ് ടൂറിസം സർവീസുകൾ വൻ ഹിറ്റായതിനെ തുടർന്നാണ് കടലിലെ ഉല്ലാസ യാത്രയ്ക്കും കെ.എസ്.ആർ.ടി.സി അവസരമൊരുക്കുന്നത്.കട്ടപ്പന, തൊടുപുഴ ഡിപ്പോകളിലെ ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിലാണ് അറബിക്കടലിന്റെ അഴക് നേരിട്ട് കാണാനുള്ള അവസരം സഞ്ചാരികൾക്കായി ഒരുക്കുന്നത്. തൊടുപുഴ ഡിപ്പോയിൽ നിന്ന് 13ന് ഉച്ചയ്ക്ക് ഒന്നിന് ആദ്യ കടൽ ഉല്ലാസ യാത്രയ്ക്കായുള്ള സംഘം പുറപ്പെടും. ഡിപ്പോയിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ കൊച്ചിയിലെത്തി അവിടെ നിന്നാണ് ജലയാനത്തിൽ പോവുക..കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ നേതൃത്വത്തിലുള്ള ആഡംബര യാനമായ നെഫർറ്റിറ്റിയിലാണ് അഞ്ചു മണിക്കൂർ നീളുന്ന ഉല്ലാസ യാത്ര സജ്ജമാക്കുന്നത്.

കെ.എസ്.ആർ.ടി.സി ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ജില്ലയ്ക്കകത്തും പുറത്തുമുള്ള ടൂറിസം കേന്ദ്രങ്ങളിലേക്ക് എല്ലാ ആഴ്ച്ചയിലും സർവീസ് നടത്തി വരുന്നുണ്ട്. തൊടുപുഴ ഡിപ്പോയിൽ നിന്നും മലക്കപ്പാറയ്ക്ക് വിനോദ സഞ്ചാരികളുമായി സർവീസ് നടത്തുന്നുണ്ട്.കൂടാതെ ജംഗിൾ സഫാരി ആസ്വദിക്കുന്നവർക്കായി പത്തനംതിട്ട ജില്ലയിലെ ഗവിയിലേക്കും സർവീസ് നടത്തുന്നു. ഇതിനു പുറമെ കാൽവരിമൗണ്ട്, അഞ്ചുരുളി വഴി വാഗമൺ, ചെറുതോണി,ഇടുക്കി അണക്കെട്ടുകൾ ഉൾപ്പെടുത്തി വാഗമൺ,നേര്യമംഗലം,മാമലക്കണ്ടം, ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാർ തുടങ്ങിയ സർവീസുകളും വിജയകരമായിരുന്നു.ഇതിനു പുറമെ കഴിഞ്ഞ മാസം മുതൽ സമുദ്രനിരപ്പിൽ നിന്നും 3605 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചതുരംഗപ്പാറയിലേക്കും ടൂറിസം സർവീസ് ആരംഭിച്ചു.ജില്ലയിൽ തൊടുപുഴ,കട്ടപ്പന ഡിപ്പോകൾക്കു പുറമെ കുമളി,മൂന്നാർ ഡിപ്പോകളിൽ നിന്നും ടൂറിസം സർവീസുകൾ ലാഭകരമായി നടത്തുന്നുണ്ട്. ക്രൂയിസ് കപ്പൽ യാത്രക്കായി തൊടുപുഴ കെഎസ്ആർഡിസി ഡിപ്പോയിൽ നിന്നും മുതിർന്നവർക്ക് 3000 രൂപയും കുട്ടികൾക്ക് 1210 രൂപയുമാണ് ചാർജ്.ബുക്കിംഗ് നമ്പർ 9400262204, 8304889896. കട്ടപ്പനയിൽ നിന്നും മുതിർന്നവർക്ക് 3250 രൂപയും കുട്ടികൾക്ക് 1460 രൂപയുമാണ് ചാർജ്. ഫോൺ.8848645150, 9495161492.

കടൽയാത്ര സ്വപ്നതുല്ല്യം

കടലിലെ ഉല്ലാസയാത്രക്ക് ആഡംബര സൗകര്യങ്ങളോടു കൂടിയതും സഞ്ചാരികളെ വിസ്മയിപ്പിക്കുന്നതുമായ ജലയാനമാണ് നെഫർറ്റിറ്റി. സുരക്ഷിത യാത്രക്കായി 250 ലൈഫ് ജാക്കറ്റുകൾ,400 പേർക്ക് കയറാവുന്ന ലൈഫ് റാഫ്ടുകൾ, രണ്ട് ലൈഫ് ബോട്ടുകൾ തുടങ്ങിയവ കപ്പലിലുണ്ട്. യാത്രക്കിടയിൽ രസകരമായ ഗെയിമുകൾ,തത്സമയ സംഗീതം, നൃത്തവിരുന്ന്,വെജ്‌നോൺവെജ് സ്‌പെഷൽ,അൺലിമിറ്റഡ് ബുഫെ ഡിന്നർ,ത്രിഡി തിയറ്റർ,അപ്പർഡെക്ക് ഡിജെ,ഓപ്പൺ സൺഡെക്ക്,വിഷ്വൽ ഇഫക്ട്‌സ് എന്നിവ ആസ്വദിക്കാം.