തൊടുപുഴ: അങ്കമാലിശബരി റെയിൽവേയ്ക്ക് ബജറ്റിൽ ഫണ്ട് അനുവദിക്കണമെന്നും പ്രധാനമന്ത്രിയുടെ ഗതിശക്തി പദ്ധതിയിൽ ഉൾപ്പെടുത്തി വന്ദേഭാരത് ട്രെയിൻ ഓടിക്കാവുന്ന സൗകര്യത്തോടെ നിർമ്മിക്കണമെന്നും ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. ശബരിപാത തിരുവനന്തപുരത്തിനുള്ള സമാന്തര റെയിൽപാതയുടെ ആദ്യ ഘട്ടമാണെന്നും എരുമേലിയിൽ നിന്ന് പത്തനംതിട്ട, പുനലൂർ, നെടുമങ്ങാട് വഴി ദീർഘിപ്പിക്കാൻ സർവ്വേയ്ക്ക് അനുമതി നൽകണമെന്നും എം.പി പാർലമെന്റിൽ ആവശ്യപ്പെട്ടു. ദേശീയ തീർത്ഥാടന കേന്ദ്രമായ ശബരിമലയെയും മറ്റ് തീർത്ഥാടന കേന്ദ്രങ്ങളായ കാലടി, രാമപുരം, ഭരണങ്ങാനം, കന്നി അയ്യപ്പൻമാർ പേട്ട തുള്ളുന്ന മതസാഹോദര്യത്തിന്റെ കേന്ദ്രമായ എരുമേലി എന്നിവയെ റെയിൽ മാർഗം ബന്ധിപ്പിക്കുന്നതിനും എറണാകുളം, കോട്ടയം,പത്തനംതിട്ട ജില്ലകളിലെ പ്രധാന വ്യവസായ വാണിജ്യ കേന്ദ്രങ്ങളുടെ വികസനത്തിനും ശബരി റെയിൽവേ അനിവാര്യമാണ്. ഇടുക്കി ജില്ലയ്ക്ക് റെയിൽവേ സൗകര്യം ലഭ്യമാക്കുന്ന അങ്കമാലി-ശബരി റെയിൽവേ പ്രധാനമന്ത്രി നേരിട്ട് നിയന്ത്രിക്കുന്ന പ്രഗതി പ്ലാറ്റ് ഫോമിൽ ഉൾപ്പെടുത്തിയിട്ടുള്ള പദ്ധതിയാണ്. കേരള സർക്കാർ പകുതി ചെലവ് വഹിക്കുന്നതിനുള്ള തീരുമാനം കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുള്ളതും കിഫ്ബിയിൽ നിന്ന് 2000 കോടി അനുവദിച്ചിട്ടുള്ളതുമായ നിർദ്ദിഷ്ട ശബരി റെയിൽവേയുടെ 3745 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിച്ച് പദ്ധതി ഉടൻ നടപ്പിലാക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.