
പട്ടിക വർഗ വികസന വകുപ്പിൽ നിന്നും 52 ലക്ഷം രൂപാ അനുവദിച്ചു
തൊടുപുഴ: പതിറ്റാണ്ടുകളായുള്ള ശ്രമങ്ങൾക്കൊടുവിൽ പാലമെന്ന സ്വപ്‌നം യാതാത്ഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് വെള്ളിയാമറ്റം പഞ്ചായത്തിലെ കോഴിപ്പള്ളി നിവാസികൾ. പ്രദേശത്തെ നൂറ് കണക്കിനാളുകൾക്ക് പുറം ലോകത്തെത്താനുള്ള ഏക മാർഗമായ കോച്ചേരിക്കടവിൽ പാലം നിർമ്മിക്കുന്നതിന് ഫണ്ട് അനുവദിച്ചുകൊണ്ടുള്ള ഉത്തരവാണ് ഇവരെ ആഹ്ലാദത്തിലാക്കുന്നത്. ഏറെ കാലമായുള്ള ദുരിതങ്ങൾക്ക് ഇനിയെങ്കിലും അറുതിയാകുമെന്ന പ്രതീക്ഷയിലാണിവർ.മഴക്കാലമെത്തിയാൽ എങ്ങനെ വടക്കനാർ കടക്കുമെന്നതാണ് ആദിവാസി മേഖലയായ കോഴിപ്പള്ളിക്കാരുടെ പതിറ്റാണ്ടുകളായുള്ള ആശങ്ക. ആറ് നിറഞ്ഞൊഴുകിയാൽ ദിവസങ്ങളോളം താമസിക്കുന്നിടത്ത് കുടുങ്ങിക്കിക്കേണ്ടി വരും. ഇതിനിടെ ആർക്കെങ്കിലും അസുഖമോ മറ്റോ ഉണ്ടായാൽ പ്രതിസന്ധി രൂക്ഷമാകും. പിന്നെ ആളുകളൊത്ത് കൂടി വെള്ളം കുറയുന്ന സമയം നോക്കി ആറിന് കുറുകേ വടം കെട്ടണം. തുടർന്ന് ഒഴുക്കിൽപ്പെടാതെ അതിൽ പടിച്ച് വേണം വയ്യാതാകുന്നവരെ ചുമന്ന് മറുകരയെത്തിച്ച് ആശുപത്രിയിലാക്കാൻ. രാഷ്ട്രീയ വ്യത്യാസമില്ലാതെ ഭരണകർത്താക്കളുടെ മുമ്പിൽ തങ്ങളുടെ ദുരിതം വിവരിച്ചിട്ടും ഇതിനൊരു പരിഹാരമുണ്ടാക്കാൻ ആരും തയ്യാറായില്ലെന്ന് ഇവിടുത്തുകാർ പറയുന്നു.പ്രദേശത്തെ എല്ലാവരും കൃഷിക്കാരും സാധാരണക്കാരുമാണ്. പാലം വേണമെന്ന് അധികൃതരോട് പറഞ്ഞ് മടുത്തപ്പോൾ നാട്ടുകാരെല്ലാവരും ചേർന്ന് താൽക്കാലികമായി തടികൊണ്ടൊരു പാലം നിർമ്മിച്ചു. നിറഞ്ഞൊഴുകുന്ന പുഴയ്ക്ക് മുകളിൽ സ്ഥാപിച്ച ഈ താൽക്കാലിക പാലത്തിലൂടെ അതി സാഹസികമായിട്ടായിരുന്നു പിന്നീടുള്ള യാത്ര. വേനൽ കാലത്ത് ജീപ്പും ലോറിയും ഉൾപ്പെടെയുള്ള വാഹനങ്ങൾ പുഴ കടന്ന് മണ്ണ് റോഡിലൂടെ എത്തുന്നതാണ് ഏക ആശ്വാസം. തങ്ങളുടെ യാത്രാ ദുരിതം വിവരിച്ചുകൊണ്ടുള്ള പരാതിയെ തുടർന്ന് മുൻ ഇടുക്കി ജില്ലാ വികസന കമ്മീഷണർ അർജ്ജുൻ പാണ്ഡ്യൻ സ്ഥലം സന്ദർശിച്ചതാണ് ഇപ്പോൾ പാലത്തിന് ഫണ്ട് അനുവദിച്ചതിന് പിന്നിലെന്ന് പ്രദേശവാസികൾ പറയുന്നു.കാലങ്ങളായി ഇവിടെ താമസിക്കുന്നവരുടെ സ്വപ്‌നമായിരുന്നു വടക്കനാറിന് കുറുകേയൊരു പാലം. കോച്ചേരി കടവ് പാലത്തിന് ഫണ്ട് അനുവദിച്ചതോടെ നിരവധിയാളുകളുടെ ആഗ്രഹമാണ് പൂവണിയുന്നത്. എത്രയും വേഗം പാലം പണി പൂർത്തിയാക്കി തങ്ങളുടെ ചിരകാല സ്വപ്‌നം യാതാർത്ഥ്യമാകുന്നതും കാത്തിരിക്കുകയാണിവർ.
ഫലം കണ്ടത് വികസന
കമ്മീഷണറുടെ ഇടപെടൽ
ജില്ലാ വികസന കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്റ്റിമേറ്റ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കിയത്. ഇതിന്റെ തുടർച്ചയായി സംസ്ഥാന പട്ടിക വർഗ വികസന വകുപ്പിൽ നിന്നും കോച്ചേരിക്കടവ് പാലത്തിനായി അമ്പത്തി രണ്ട് ലക്ഷത്തി ഇരുപതിനായിരം രൂപാഅനുവദിച്ച് കൊണ്ട് ഇക്കഴിഞ്ഞ ദിവസം ഉത്തരവിറങ്ങി. മറ്റ് നടപടികൾ പൂർത്തിയാക്കി പണികൾ ഉടൻ തുടങ്ങാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.