കട്ടപ്പന :തമിഴ് നാട്ടിൽ നിന്നും ജില്ലയിലേയ്ക്ക് നിർമാണ സാമഗ്രികളുമായി വരുന്ന വാഹനങ്ങളിൽ നിന്നും ഗുണ്ടാപിരിവ് നടത്തുന്ന സംഘങ്ങൾ കുമളി, ബോഡിമെട്ട്, കമ്പംമെട്ട് ചെക്ക് പോസ്റ്റുകളിൽ പിടി മുറുക്കിയതുമായി ബന്ധപ്പെട്ട് പരാതികൾ ഏറെ.കേരളത്തിലേക്ക് ലോഡുമായി വരുന്ന വാഹനങ്ങളിൽനിന്നും ഗുണ്ടാപ്പിരിവ് നടത്തുന്നത് കൂടാതെ തമിഴ്നാട്ടിലെ ക്രഷർ യൂണിറ്റുകളെ ഭീഷണിപ്പെടുത്തി പടി വാങ്ങുന്നുണ്ടോ എന്നും സംശയിക്കുന്നു. ഡിസംബർ അഞ്ച് മുതലാണ് ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിച്ചിരുന്ന ഗുണ്ടകൾ ലോഡ് ഒന്നിന് 1800രൂപ വീതം നൽകാതെ ഒരു വാഹനം പോലും കടത്തി വിടില്ല എന്ന നിലപാടെടുത്തത്. തമിഴ്നാട്ടിലെ പ്രാദേശിക ഗുണ്ടകളുടെ സംഘങ്ങളാണ് ഇത് തങ്ങളുടെ അവകാശം എന്നപോലെ പിരിവ് നടത്തുന്നത്. ഇവർ ഒരു സ്ളിപ്പും നൽകുമത്രേ. ഈ സ്ളിപ്പുള്ളവർക്ക് തമിഴ്നാട് ചെക്ക്പോസ്റ്റിലെ പരിശോധനകൾ എളുപ്പത്തിലാകുമെന്നതാണ് ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ഇതൊക്കെ നടക്കുന്നതെന്ന് വ്യക്തമാകുന്നത്. ഗുണ്ടകൾ ശക്തരായതിനാൽ ആരും എതിർക്കാൻ പോകുന്നുമില്ല. എം സാൻഡ്, മെറ്റൽ തുടങ്ങിയവയ്ക്ക് കഴിഞ്ഞ തിങ്കൾ മുതൽ ഒരു ലോഡ് 1000രൂപ ക്രഷർ യൂണിറ്റ്കൾ വർദ്ധിപ്പിച്ചിരുന്നു. ഇത് ക്രഷർ യൂണിറ്റുകളെ ഭയപ്പെടുത്തി മാസപ്പടി വാങ്ങിയതിന്റെ പരിണത ഫലമാണോ എന്നും സംശയം ബലപ്പെട്ടിട്ടുണ്ട്. ഇതോടെ കേരളത്തിലേയ്ക്ക് ലോഡ് ഒന്നിന് 2800രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചിരിക്കുന്നത്.ചെക്ക് പോസ്റ്റിലെ ക്രമക്കേടുകൾ സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ഉൾപ്പെടെ കേരള ടോറസ് ആൻഡ് ടിപ്പർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പരാതി നൽകിയിരുന്നു. സാമഗ്രികളുടെ വില കുത്തനെ കൂടിയത് മൂലം ചെറുകിട നിർമ്മാണ പ്രവർത്തനങ്ങൾ ഒട്ടേറെ പേർ നിർത്തി വച്ചിരിക്കുകയാണ്. തമിഴ് നാട്ടിൽ നടക്കുന്ന കൊള്ള അവസാനിക്കാതെ വില കുറയാൻ സാദ്ധ്യതയും കാണുന്നില്ല.ഹൈറേഞ്ചിലേക്ക് ആവശ്യമായ നിർമ്മാണ സാമഗ്രികൾക്ക് തമിഴ്നാടിനെ ആശ്രയിക്കാനേ നിവൃത്തിയുള്ളു. ഇത് മുതലെടുത്താണ് ഗുണ്ടാപ്പിരിവ് ഉൾപ്പടെ നടക്കുന്നത്.
കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തും :തഹസിൽദാർ.
നിർമാണ സാമഗ്രികൾ തമിഴ് നാട്ടിൽ നിന്ന് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ക്രമക്കേടുകളുണ്ടെങ്കിൽ അത് ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഉടുമ്പൻചോല എൽ.ആർ. തഹസീൽദാർ സീമ ജോസഫ് പറഞ്ഞു.ചെക്ക് പോസ്റ്റു കൾ കടന്ന് വരുന്ന ലോഡ് വാഹനങ്ങളുടെ രേഖകൾ പരിശോധിക്കാൻ പ്രത്യേക സ്‌ക്വാഡ് പ്രവർത്തിക്കുന്നുണ്ട്. ഗുണ്ടാ പിരിവ് സംബന്ധിച്ചുള്ള പരാതി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും തഹസീൽദാർ പറഞ്ഞു.