
നെടുങ്കണ്ടം: പുതുതായി ആരംഭിക്കുന്ന മാർക്കറ്റ് സമുച്ചയത്തിന്റെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി. പൈലിംഗ് ജോലികളുടെ സ്വിച്ച് ഓൺ കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭനാ വിജയൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് അജീഷ് മുതുകുന്നേൽ അദ്ധ്യക്ഷത വഹിച്ചു.
19 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിക്കുന്ന മാർക്കറ്റ് സമുച്ചയത്തിന്റെ ആദ്യഘട്ട നിർമ്മാണമാണ് ആരംഭിച്ചത്. ആദ്യഘട്ടത്തിൽ അഞ്ചകോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടത്തുന്നത്. എട്ട് മാസത്തിനുള്ളിൽ ആദ്യ ഘട്ടം പൂർത്തീകരിക്കും. മൂന്ന് നിലകളിലായി 30 വാണിജ്യ സ്ഥാപനങ്ങളും, മത്സ്യ മാംസ, പച്ചക്കറി സ്റ്റാളുകൾ, എക്‌സ്പാൻഷൻ ജോയിന്റ്, റാമ്പ് എന്നിവയുടെ നിർമ്മാണമാണ് നടത്തുന്നത്. രണ്ടാം ഘട്ടത്തിൽ പാർക്കിംഗ് സൗകര്യങ്ങളടക്കമുള്ള മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കും. നാല് വർഷത്തിനുള്ളിൽ മാർക്കറ്റ് സമുച്ചയം പൂർത്തിയാക്കും.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു സഹദേവൻ, സുരേഷ് പള്ളിയാടിയിൽ, വിജിമോൾ വിജയൻ, സിജോ നടയ്ക്കൽ, എം.എസ്. മഹേശ്വരൻ, ജോജി ഇടപ്പള്ളിക്കന്നേൽ, പഞ്ചായത്ത് സെക്രട്ടറി എ.വി അജികുമാർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.എൻ.ഗോപി, തമ്പി സുകുമാരൻ, പി.എം ആന്റണി, ആർ. സുരേഷ്, ജെയിംസ് മാത്യു, തുടങ്ങിയവർ സംസാരിച്ചു.