ഇടുക്കി: ഏലക്കായ്ക്ക് ഉണ്ടായ ഭീമമായ വില തകർച്ച തടഞ്ഞ് കർഷകരെ രക്ഷിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സി.പി.ഐ ജില്ലാ കൗൺസിൽ യോഗം കേന്ദ്ര ഗവൺമെന്റിനോട്ആവശ്യപ്പെട്ടു.

കേരള സർക്കാർ ഇക്കാര്യത്തിൽ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണമെന്നും കഴിയുന്നത്ര വേഗത്തിൽ മാർക്കറ്റിൽ ഇടപെടണം. ഉത്പ്പാദന ചെലവിന്റെ പകുതി വില പോലും ഇപ്പോൾ ലഭിക്കാത്ത സാഹചര്യത്തിൽ ഡോ.എം.എസ് സ്വാമിനാഥൻ കമ്മീഷൻ ശുപാർശ പ്രകാരം ഏലത്തിന് താങ്ങുവില പ്രഖ്യാപിച്ച് ഏലം സംഭരിക്കേണ്ടത് സ്‌പൈസസ് ബോർഡും കേന്ദ്ര വാണിജ്യ മന്ത്രാലയവും ആണ്. ഇക്കാര്യത്തിൽ ഇടപെടേണ്ടത് ഇടുക്കി എം.പിയാണെങ്കിലും അദ്ദേഹം നാടകം കളിക്കുകയാണ്. വളത്തിന്റെയും കീടനാശിനികളുടെയും വമ്പിച്ച വില വർധനവും ഉൽപാദന ചെലവ് വൻതോതിൽ ഉയർന്നതും കടക്കെണിയും മൂലം കൃഷിക്കാർ താങ്ങാനാവാത്ത പ്രതിസന്ധിയിലാണ്. ഇതിന് പുറമെയാണ് ഏലം ലേല കേന്ദ്രത്തിലെ തട്ടിപ്പുകളും.

ഏലക്കായുടെ തരംതിരിവിലും റീപൂളിംഗിലും എല്ലാം നിരന്തരമായി കൃഷിക്കാർ വഞ്ചിക്കപ്പെടുകയാണ്. റീപൂളിംഗ് തടയണം കൂടാതെ സ്വതന്ത്രമായി ഉത്പ്പന്നം വിറ്റഴിക്കാൻ കർഷകർക്ക് കഴിയണം. ഇതിൽ ഇടപെടേണ്ടത് സ്‌പൈസസ് ബോർഡ് ആണെങ്കിലും അവർ കാഴ്ചക്കാരുടെ വേഷത്തിൽ മാറി നിൽക്കുന്നത് പ്രതിഷേധാർഹമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.
. ജില്ലാ കൗൺസിലംഗം എം.കെ. പ്രിയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.കെ. അഷറഫ്, ജില്ലാ സെക്രട്ടറി കെ .സലിംകുമാർ,സംസ്ഥാന കൗൺസിലംഗം കെ. കെ ശിവരാമൻ എന്നിവർ സംസാരിച്ചു.