കുമളി : ദിശാബോധത്തോടെയുള്ള കാൽവയ്പുകൾക്ക് മാത്രമേ സംഘടനയെ പുരോഗതിയിലേയ്ക്ക് നയിക്കാനാകൂവെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയൻ ദ്വിദിന നേതൃത്വ പഠന ക്യാമ്പ് 'ദിശ' തേക്കടി എസ്.എൻ ഇന്റർനാഷണൽ ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടായാൽ നമുക്ക് വളരാൻ കഴിയും. സംഘടനയ്ക്ക് സ്‌കൂളുകളും കോളേജുകളും ഉണ്ടായതു കൊണ്ടാണ് എല്ലാവർക്കും ഉന്നത വിദ്യാഭ്യാസം നേടാനും തൊഴിൽ നേടിയെടുക്കാനും കഴിഞ്ഞതെന്ന് സമുദായ അംഗങ്ങൾ മനസിലാക്കണം. സമുദായ അംഗങ്ങൾ പണിയാളാന്മാരാകാതെ ഉടമകളാകണം. ജാതി വിവേചനം നിലനിൽക്കുന്നിടത്തോളം ജാതി പറയേണ്ടിവരും. മറ്റുള്ളവരെ ആക്ഷേപിക്കാനല്ല ജാതി പറയുന്നത്.
സമുദായം നേരിട്ട അവഗണന ഓർമ്മിപ്പിക്കാനാണ്. വോട്ട് ബാങ്കായി നിന്നുകൊണ്ട് വോട്ട് ചെയ്താൽ മാത്രമേ നമ്മുടെ ശക്തി മനസിലാക്കി അർഹമായത് നേടാനാകൂ. മറ്റുള്ള സമുദായാംഗങ്ങൾ പേര് നോക്കി വോട്ട് ചെയ്യും. നമ്മൾ ചിഹ്നം നോക്കി വോട്ട് ചെയ്യും. ഇതാണ് നമ്മുടെ കഴിവുകേടെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ സി.എൻ. മോഹനൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് ലാലിറ്റ് എസ്. തകിടിയേൽ, കൗൺസിലർമാരായ എ.കെ. രാജപ്പൻ, ഷിനു പനക്കച്ചിറ, പി.എ. വിശ്വംഭരൻ, കെ.എസ്. രാജേഷ് ചിറക്കടവ്, ബോർഡ് മെമ്പർ ഡോ.പി.അനിയൻ, വനിതാ സംഘം സെക്രട്ടറി സിന്ധു മുരളീധരൻ, വൈസ് പ്രസിഡന്റ് പദ്മിനി രവീന്ദ്രൻ, യൂത്ത് മൂവ്‌മെന്റ് ചെയർമാൻ എം.വി. ശ്രീകാന്ത്, യൂത്ത് മൂവ്‌മെന്റ് കൺവീനർ കെ.ടി. വിനോദ് പാലപ്ര, പെൻഷണേഴ്‌സ് ഫോറം സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അനിതാ ഷാജി, എംപ്ലോയീസ് ഫോറം സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി എം.എം. മഹേഷ്, എംപ്ലോയീസ് ഫോറം പ്രസിഡന്റ് വി.വി. അനീഷ്‌കുമാർ, പെൻഷണേഴ്‌സ് ഫോറം പ്രസിഡന്റ് വി.വി. വാസപ്പൻ, വൈദിക സമിതി ചെയർമാൻ ബിനോയ് ശാന്തി, സൈബർ സേന ചെയർമാൻ എം.വി.വിഷ്ണു, ബാലജന യോഗം സെക്രട്ടറി അതുല്യ സുരേന്ദ്രൻ, കുമാരി സംഘം ചെയർമാൻ അതുല്യ ശിവദാസ് എന്നിവർ പ്രസംഗിച്ചു. യൂണിയൻ സെക്രട്ടറി പി. ജീരാജ് സ്വാഗതവും, ബോർഡ് മെമ്പർ ഷാജി ഷാസ് നന്ദിയും പറഞ്ഞു. മികച്ച വനിതാസംരംഭകയ്ക്കുള്ള പുരസ്‌കാരം ഗിരിജാ പ്രസാദ് ഏറ്റുവാങ്ങി.
തുടർന്ന് 'എസ്.എൻ.ഡി.പി യോഗം ഇന്നലെ, ഇന്ന്, നാളെ" എന്ന വിഷയത്തിൽ യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി. രമേശ് ക്ലാസ് നയിച്ചു. 'ആനുകാലിക സംഘടനാ പ്രവർത്തനം റെക്കോർഡ് തയ്യാറാക്കലും കണക്ക് സൂക്ഷിക്കലും" എന്ന വിഷയത്തിൽ കോട്ടയം യൂണിയൻ വൈസ് പ്രസിഡന്റ് വി.എം.ശശി ക്ലാസെടുത്തു. ചക്കുപള്ളം ശ്രീനാരായണ ധർമാശ്രമം മഠത്തിലെ സ്വാമി ഗുരുപ്രകാശം അനുഗ്രഹ പ്രഭാഷണം നടത്തി. ഇന്ന് രാവിലെ 9.30ന് 'നേതൃത്വം, വെല്ലുവിളിയും സാദ്ധ്യതകളും" എന്ന വിഷയത്തിൽ ജെ.സി.ഐ ട്രെയിനർ ചെറിയാൻ വർഗീസ് ക്ലാസെടുക്കും. 11.45 ന് സമാപന സമ്മേളനം യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്. വിജയൻ സന്ദേശം നൽകും.