deen
ഡീൻ കുര്യാക്കോസ് ഡെൽഹിയിൽ നടത്തിയ ധർണ്ണ

തൊടുപുഴ: ഏലം വിലയിടിവ് തടയാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി പാർലമെന്റിലെ ഗാന്ധി പ്രതിമയുടെ മുന്നിൽ ധർണ്ണാ സമരം നടത്തി. സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നും ഏലത്തിന് മിനിമം താങ്ങുവില 1500 രൂപയെങ്കിലും ഉടൻ നടപ്പാക്കണമെന്നും എം.പി ആവശ്യപ്പെട്ടു. വളത്തിന്റെയും കീടനാശിനിയുടെയും വിലവർദ്ധനവും കൂലിവർദ്ധനവും കണക്കാക്കിയാൽ ഉത്പാദന ചെലവിന്റെ പകുതിപോലും ലഭിക്കാത്ത സാഹചര്യമാണ് ഇടുക്കിയിലെ കർഷകർക്കെന്ന് എം.പി പറഞ്ഞു. ഇടുക്കിയുടെ സാമ്പത്തിക സുസ്ഥിരത നിലനിർത്തുന്നതിൽ ഏലം കർഷകർ വലിയ പങ്കുവഹിക്കുന്നുണ്ട്. രാജ്യത്തുള്ള ഏലം ഉത്പാദനത്തിൽ 90 ശതമാനവും ഇടുക്കി ജില്ലയിൽ നിന്നാണെന്ന് പറയുന്നത് അഭിമാനമാണെങ്കിലും ഈ വിധത്തിൽ വിലത്തകർച്ച രൂക്ഷമായിരിക്കുന്നത് കർഷകരെ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലാണ് എത്തിച്ചിരിക്കുന്നതെന്നും എം.പി പറഞ്ഞു. സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രൊഡക്ഷൻ കോസ്റ്റും അതിന്റെ 50 ശതമാനവുമുള്ള തുക താങ്ങുവിലയായി പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണം. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് കേന്ദ്രമന്ത്രി പീയുഷ് ഗോയലിന് കത്ത് നൽകിയിട്ടുണ്ട്. കൂടാതെ പാർലമെന്റിൽ ഈ വിഷയം ഉന്നയിക്കുമെന്നും എം.പി പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം സ്‌പൈസസ് ബോർഡ് മുഖേന നൽകിയിരുന്ന മുഴുവൻ ആനുകൂല്യങ്ങളും നിറുത്തലാക്കിയെന്നും എം.പി പറഞ്ഞു.