തൊടുപുഴ: ജില്ലയിലെ ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ടുള്ള പിണറായി ഭരണത്തിനെതിരെ ജില്ലയിലുടനീളം പ്രതിഷേധം ആഞ്ഞടിക്കുമ്പോൾ, അതിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ ഡീൻ കുര്യാക്കോസ് എം.പിയെ അപകീർത്തിപ്പെടുത്താൻ സി.പി.എം നടത്തുന്ന ശ്രമങ്ങളെ യു.ഡി.എഫ് ശക്തമായി നേരിടുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡീൻ കുര്യാക്കോസ് എം.പിയായി ചുമതലയേറ്റതിനുശേഷം ആരംഭിച്ച പി.എം.ജി.എസ്.വൈ ഫേസ് 3 യിൽ കേന്ദ്ര ഗ്രാമീണ റോഡ് വികസന ഏജൻസി അംഗീകാരം നൽകിയ അഞ്ച് റോഡുകളിൽ ഒന്നാണ് ഉടുമ്പന്നൂർ- മണിയാറൻ കുടി റോഡ്. പി.എം.ജി.എസ്.വൈ മാനദണ്ഡം അനുസരിച്ച് എട്ടു മീറ്റർ വീതിയാണ് റോഡിന് ആവശ്യമായിട്ടുള്ളതെങ്കിലും മൂന്നു മീറ്ററിൽ കൂടുതൽ വീതി അനുവദിക്കാൻ കഴിയില്ലെന്ന നിലപാടാണ് വനം വകുപ്പ് സ്വീകരിച്ചത്. കഴിഞ്ഞമാസം ജില്ലാ ആസ്ഥാനത്ത് വനം മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ പ്രത്യേക നിബന്ധനയുടെ അടിസ്ഥാനത്തിൽ ആറ് മീറ്റർ വീതിയിൽ റോഡ് നിർമ്മിക്കുന്നതിന് അനുമതി നേടാൻ ചീഫ് എൻജിനിയറോട് നിർദ്ദേശിച്ചു. ഡിസംബർ ആറിനു മുമ്പ് ജോയിന്റ് വെരിഫിക്കേഷൻ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി നിർദ്ദേശം നൽകി. എന്നാൽ ജോയിന്റ് വേരിഫിക്കേഷൻ സമയത്ത് റോഡിന്റെ വീതി മൂന്നു മീറ്ററിൽ കൂടുതലായി അനുവദിക്കാൻ കഴിയില്ലെന്ന കോതമംഗലം ഡിഎഫ്.ഒയുടെ നിലപാട് സി.പി.എം നേതൃത്വത്തിന്റെ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണെന്ന് നേതാക്കൾ ആരോപിച്ചു. സംസ്ഥാന സർക്കാരിൽ സമ്മർദ്ദം ചെലുത്തി സി.സി.എഫിനെ കൊണ്ട് അനുകൂല റിപ്പോർട്ട് കേന്ദ്രസർക്കാരിന് നൽകി റോഡ് നിർമ്മാണത്തിനുള്ള അനുമതി നേടിയെടുക്കാൻ സഹായിക്കേണ്ടതിന് പകരം വനംവകുപ്പ് ഉദ്യോഗസ്ഥരെ കൊണ്ട് ഡീൻ കുര്യാക്കോസ് നടത്തുന്ന പരിശ്രമങ്ങളെ അട്ടിമറിക്കുന്നതിന് സി.പി.എം നടത്തുന്ന നീക്കം പ്രതിഷേധാർഹമാണ്. റോഡിന്റെ കാര്യത്തിലുള്ള നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനുള്ള പ്രചാരണ പരിപാടികൾക്ക് യു.ഡി.എഫ് ജില്ലാ കമ്മിറ്റി രൂപം നൽകിയിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു. ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, ജില്ലാ കൺവീനർ പ്രൊഫ. എം.ജെ. ജേക്കബ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എസ്. മുഹമ്മദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.