തൊടുപുഴ: നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലെത്തിയ തൊടുപുഴ പുഴയോര ബൈപ്പാസിലൂടെയുള്ള ഗതാഗതം ജില്ലാ കളക്ടർ നിരോധിച്ചു. നിർമ്മാണം പൂർത്തിയാക്കാത്ത റോഡിലൂടെയുള്ള ഗതാഗതം അപകടത്തിനിടയാക്കുമെന്ന എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ പി.എ നസീറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒന്നര കിലോമീറ്റർ നീളത്തിലും ഏഴ് മീറ്റർ വീതിയിലും നിർമാണം പുർത്തിയായ പുഴയോര ബൈപ്പാസ് റോഡും പുഴയുമായി രണ്ടരമീറ്റർ അകലമേയുള്ളൂ. പുഴയും റോഡും തമ്മിൽ വേർതിരിക്കാൻ ക്രാഷ് ബാര്യറുകൾ സ്ഥാപിച്ചിട്ടില്ല. റോഡ് മാർക്കിങുകൾ, മുന്നറിയിപ്പ് ബോർഡുകൾ, സ്ട്രീറ്റ് ലൈറ്റുകൾ, റിഫ്ലക്ടീവ് പോസ്റ്റുകൾ, പാരപ്പെറ്റുകൾ എന്നിവയും ഇല്ല. റോഡ് നിരപ്പിൽ നിന്ന് 10 മീറ്റർ താഴെ പുഴയാണ്. സംരക്ഷണഭിത്തിക്ക് ചേർന്ന് കരിങ്കൽ കൂനയുമുണ്ട്. ബി.എം.ബി.സി നിലവാരത്തിൽ ടാർ ചെയ്തിരിക്കുന്ന ഈ റോഡിലൂടെ രാത്രികാലങ്ങളിലടക്കം അമിത വേഗത്തിലാണ് വാഹനങ്ങൾ പായുന്നത്. സ്ട്രീറ്റ് ലൈറ്റുകൾ ഇല്ലാത്തതിനാൽ ദൂരക്കാഴ്ച ലഭിക്കില്ല. വാഹനങ്ങൾ നിയന്ത്രണം വിട്ട് പുഴയിലേക്കോ പുഴയിൽ വെള്ളം കുറവുള്ള സമയങ്ങളിൽ കരിങ്കൽ കൂനയിലേക്കോ മറിഞ്ഞാൽ മരണം വരെ സംഭവിക്കാൻ ഇടയുള്ള അപകടത്തിലേക്ക് നയിക്കുമെന്ന് ആർ.ടി.ഒയുടെ റിപ്പോർട്ടിൽ പറയുന്നു. പൂർണ തോതിൽ റോഡ് ഗതാഗത സജ്ജമാകുന്നതുവരെ എല്ലാത്തരത്തിലുമുള്ള ഗതാഗതവും നിരോധിക്കണമെന്ന് ജില്ലാ റോഡ് സേഫ്‌റ്റി കൺവീനർ കൂടിയായ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ പി.എ നസീറിന്റെ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ലഭിച്ചയുടൻ റോഡ് അടിയന്തരമായി അടയ്ക്കാൻ തൊടുപുഴ പൊതുമരാമത്ത് റോഡ്‌സ് വിഭാഗം അസി. എക്‌സി. എൻജിനീയർ ശൈലേന്ദ്രന് ജില്ലാ കളക്ടർ നിർദ്ദേശം നൽകുകയായിരുന്നു.