തൊടുപുഴ: ജില്ലയിലെ കർഷകരെ പ്രതികൂലമായി ബാധിക്കുന്ന ഏലം, റബ്ബർ വിലയിടിവ് തടയാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് കേരള കോൺഗ്രസ് (ജേക്കബ്ബ് )ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ചരിത്രത്തിൽ ഇതുവരെയുണ്ടാകാത്ത വിലയിടിവാണ് ഏലത്തിനും റബ്ബറിനും ഉണ്ടായിരിക്കുന്നത്. റബ്ബറിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച താങ്ങ് വിലയുടെ പ്രയോജനം കർഷകർക്ക് ലഭിച്ച് തുടങ്ങിയിട്ടില്ല. ഇടനിലക്കാരെ ഒഴിവാക്കി കർഷകർക്ക് നേരിട്ട് ഏലം വിൽപ്പന നടത്താനുള്ള സാഹചര്യം ഒരുക്കാൻ സ്‌പൈസസ് ബോർഡ് ഇതുവരെ തയ്യാറായിട്ടില്ല. മുമ്പെങ്ങുമില്ലാത്ത വിധം സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്ന ജനങ്ങൾക്ക് ഇരുട്ടടിയാണ് കാർഷികോൽപ്പന്നങ്ങൾക്ക് അടിക്കടി ഉണ്ടാകുന്ന വില തകർച്ച. ഇതിനൊപ്പം വർദ്ധിച്ച ഉത്പ്പാദന ചിലവ് കൂടിയായതോടെ കർഷകർ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. ജില്ലാ പ്രസിഡന്റ് മാർട്ടിൻ മാണി അദ്ധ്യക്ഷനായ യോഗത്തിൽ സംസ്ഥാന സെക്രട്ടറി റെജി ജോർജ്ജ്, ജില്ലാ ഭാരവാഹികളായ ഷാഹുൽ പള്ളത്ത് പറമ്പിൽ, ഷാജി അമ്പാട്ട്, അനിൽ പയ്യാനിക്കൽ, ടോമി മൂഴിക്കുഴിയിൽ, സാബു മുതിരക്കാല, ഔസേപ്പച്ചൻ ഇടക്കുളത്തിൽ, സാം ജോർജ്ജ്, ജോൺസൺ അലക്‌സാണ്ടർ, ബാബു വർഗീസ്, റ്റിൻസ് ആലപ്പുര, സിബിച്ചൻ മനയ്ക്കൽ, ജോസ് ചിറ്റടിയിൽ തുടങ്ങിയവർ സംസാരിച്ചു.