തൊടുപുഴ: എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ കലാകായിക വിഭാഗമായ കനൽ കലാവേദി സർക്കാർ ജീവനക്കാർക്കായി നടത്തിയ ജില്ലാതല കായികമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ഇടുക്കി, തൊടുപുഴ ഈസ്റ്റ് ഏരിയകൾ പങ്കിട്ടു. ഇടുക്കി, തൊടുപുഴ ഈസ്റ്റ് ഏരിയകൾ 113 പോയിന്റ് വീതം നേടി. 90 പോയിന്റ് നേടി തൊടുപുഴ വെസ്റ്റ് ഏരിയ റണ്ണറപ്പായി. മുതലക്കോടം സെന്റ് ജോർജ് സ്റ്റേഡിയത്തിൽ നടത്തിയ കായിക മേളയിൽ ജില്ലയിലെ ഒമ്പത് ഏരിയകളിൽ നിന്നുള്ള ജീവനക്കാർ പങ്കെടുത്തു. തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് കായികമേള ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.കെ. പ്രസുഭകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി.എം. ഹാജറ ആശംസകളർപ്പിച്ചു. ജില്ലാ ജോ. സെക്രട്ടറി ജോബി ജേക്കബ് സ്വാഗതവും കനൽ കൺവീനർ സജിമോൻ ടി. മാത്യു നന്ദിയും പറഞ്ഞു. ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവർ ജനുവരി എട്ടിന് പാലക്കാട് നടക്കുന്ന സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കും.