 
അടിമാലി: രേഖകളില്ലാത്ത കാർ വില്പന നടത്തി 13 ലക്ഷം തട്ടിയ യുവാവ് പിടിയിൽ. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ഇന്നോവ ക്രിസ്റ്റ കാർ വില്പന നടത്തി 13 ലക്ഷം രൂപ വാങ്ങിയ ശേഷം പത്താം മൈൽ സ്വദേശിയെ കബളിപ്പിച്ച മലപ്പുറം മോങ്ങം ചെറുമഠത്തിൽ ഷാഹിനെയാണ് (35) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. രജിസ്‌ട്രേഷനില്ലാത്ത വാഹനമാണ് ഇയാൾ കൈമാറിയത്. ആർ.സി ബുക്കും അനുബന്ധ രേഖകളും നൽകാമെന്ന് പറഞ്ഞ് മലപ്പുറത്തേക്ക് നിരവധി തവണ വിളിച്ചു വരുത്തിയെങ്കിലും കിട്ടാതെ വന്നതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ സമാനമായ രീതിയിൽ രേഖകളില്ലാത്ത വാഹനങ്ങൾ മലപ്പുറത്തു കച്ചവടം നടത്തിയിട്ടുള്ളതായി അറിഞ്ഞു. ഇയാൾ ഇത്തരത്തിലുള്ള കാറുകൾ തുച്ഛമായ വിലയ്ക്ക് മറിച്ചു വില്പന നടത്തുന്നതായിരുന്നു പതിവ്. മോഷ്ടിച്ചു കൊണ്ടുവരുന്ന വാഹനങ്ങളാണ് ഇത്തരത്തിൽ വില്പന നടത്തിവന്നിരുന്നത്. പ്രതിയെ കോഴിക്കോട് ബീച്ച് ഭാഗത്തു നിന്ന് മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. എസ്.ഐ ജൂഡി ടി.പി, എസ്.സി.പി.ഒ സുരേഷ്‌കുമാർ, സി.പി.ഒ സിബിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.