കുമളി: ആരു ഭരിച്ചാലും സാമൂഹ്യനീതി ലഭിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം പീരുമേട് യൂണിയൻ കുമളി ഹോളിഡേ ഹോമിൽ നടത്തിയ ഏകദിന പരിശീലന ക്യാമ്പിന്റെയും പ്രവർത്തക സമ്മേളനത്തിന്റെയും സമാപന സമ്മളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 11 കോളേജുകൾ മഹാനായ ആർ. ശങ്കർ നമുക്ക് തന്നു. അതിനുശേഷം വന്ന ഇടതും വലതും സർക്കാരുകൾ ഒന്നും തന്നില്ല. അധികാരത്തിൽ തുടരുമ്പോൾ ഭരണസ്വാധീനമുള്ള സമുദായങ്ങൾ ആനുകൂല്യങ്ങൾ പിടിച്ചു വാങ്ങുന്നു. മറ്റുള്ള സമുദായങ്ങൾ വോട്ടുബാങ്ക് മാത്രമായി മാറി. ജാതിയും മതവും ചോദിക്കരുതെന്നു പറഞ്ഞു നമുക്ക് ആനുകൂല്യങ്ങൾ തന്നില്ല. എസ്.എൻ.ഡി.പി യോഗത്തിന് ആനുകൂല്യങ്ങൾ കിട്ടണം. രാജാവിനോട് സമരം ചെയ്താണ് സംവരണം വാങ്ങിച്ചത്. ചന്ദ്രമണ്ഡലത്തിൽ ഈഴവർ ഉണ്ടായാൽ അവരെയും സംഘടിപ്പിക്കാൻ തയ്യാറാകുമെന്ന് അദ്ദേഹം പറഞ്ഞു. പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ അദ്ധ്യക്ഷത വഹിച്ചു. 'സംഘടനാ പ്രവർത്തനത്തിൽ ശാഖായോഗം പ്രവർത്തകരുടെ പങ്ക്" എന്ന വിഷയത്തിൽ കോട്ടയം യൂണിയൻ വൈസ് പ്രസിഡന്റ് വി.എം. ശശി ക്ലാസ് ഉദ്ഘാടനം ചെയ്തു. 'എസ്.എൻ.ഡി.പി യോഗം വർത്തമാന കാലഘട്ടത്തിൽ" എന്ന വിഷയത്തിൽ സജീഷ് മണലേൽ കോട്ടയം ക്ലാസെടുത്തു. എം.ജി. സലികുമാർ, പി.വി. സന്തോഷ്, പി.എസ്. ചന്ദ്രൻ, വി.പി. ബാബു, സദൻ രാജൻ, കെ. ഗോപി, എം.ഡി. പുഷ്‌കരൻ, വിനോദ് ശിവൻ, വി.എസ്. സുനീഷ്, അമ്പിളി സുകുമാരൻ, ലതാ മുകുന്ദൻ, എം.ജി. ഷിബു, വിശ്വനാഥൻ എന്നിവർ പങ്കെടുത്തു. യൂണിയൻ സെക്രട്ടറി കെ.പി. ബിനു സ്വാഗതവും വൈസ് പ്രസിഡന്റ് പി.കെ. രാജൻ നന്ദിയും പറഞ്ഞു.