തൊടുപുഴ: പരിശോധനകളും ബോധവത്കരണവുമൊക്കെ മുറയ്ക്ക് നടക്കുമ്പോഴും ലഹരിക്കടത്ത് ജില്ലയിൽ തകൃതിയായി നടക്കുന്നു. ലക്ഷങ്ങൾ വില വരുന്ന എം.ഡി.എം.എയും കഞ്ചാവും ഹാഷിഷ് ഓയിലുമാണ് ഈ വർഷം ഇതുവരെ എക്‌സൈസ് അധികൃതർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടികൂടിയത്. ജനുവരി ഒന്നു മുതൽ ഡിസംബർ ഏഴ് വരെ 30 കിലോ കഞ്ചാവ് എക്‌സൈസ് അധികൃതർ പിടിച്ചെടുത്തു. ജനുവരി മുതൽ നവംബർ വരെ 505 മയക്കുമരുന്ന് കേസുകളാണ് ജില്ലയിൽ പിടികൂടിയത്. 819 അബ്‌കാരി കേസുകളും പിടികൂടി. കഴിഞ്ഞ മൂന്ന് മാസങ്ങൾക്കിടെ 17 മയക്കുമരുന്ന് കേസുകളും 18 അബ്‌കാരി കേസുകളും തൊടുപുഴയിൽ മാത്രം പിടികൂടി. ഇവയോടൊപ്പം സിന്തറ്റിക് ഡ്രഗ്‌സുകളുടെ ഉപയോഗവും വിപണനവും ജില്ലയിൽ കൂടി വരുന്നതായാണ് എക്‌സൈസിന്റെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. ഇക്കാലയളവിൽ 12.899 ഗ്രാം എം.ഡി.എ കണ്ടെടുത്തു. ക്രിസ്മസ്, പുതുവത്സര ആഘോഷവേളകളിലെ വ്യാജമദ്യവും സ്പിരിറ്റും കഞ്ചാവടക്കമുള്ള ലഹരികളും ഒഴുകാനുള്ള സാധ്യത കണക്കിലെടുത്ത് ദുരന്തങ്ങൾ ഒഴിവാക്കാനുള്ള തീവ്രയജ്ഞത്തിലാണ് എക്‌സൈസ്. ഡ്രഗ് മാഫിയകൾ, ഡ്രൈവ് പാർട്ടികൾ എന്നിവ പുതുവത്സരവുമായി ബന്ധപ്പെട്ട് ജില്ലയിലെവിടെയെങ്കിലും പ്രവർത്തിക്കുന്നുണ്ടോ എന്ന് ഇവർ നിരീക്ഷിച്ചുവരികയാണ്. കൂടാതെ ലഹരിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന രഹസ്യ വിവരങ്ങളും പരാതികളും ഇവർ നേരിട്ടെത്തി അന്വേഷിക്കുന്നുമുണ്ട്.
ആഘോഷങ്ങൾക്ക് ന്യൂജൻ ലഹരി
കഞ്ചാവിൽ നിന്ന് മാറി ഇപ്പോൾ സിന്തറ്റിക് ഡ്രഗ്‌സുകളാണ് ആഘോഷവേളകളിൽ മറ്റും എത്തിക്കുന്നത്. എൽ.എസ്.ഡിയും എം.ഡി.എം.എയും അടക്കമുള്ള അതിമാരക ന്യൂജൻ ലഹരി വസ്തുക്കൾ ഇപ്പോൾ ലഹരി പാർട്ടികളിലെ സ്ഥിരം സാന്നിധ്യമാണ്. ജില്ലയിൽ വാഗമണിൽ നിന്നടക്കം കഴിഞ്ഞ വർഷങ്ങളിൽ കേസുകൾ പടികൂടിയിരുന്നു. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വിവരം കൈമാറണമെന്ന് റിസോർട്ട് നടത്തിപ്പുകാരെയും എക്‌സൈസ് വിവരം അറിയിച്ചിട്ടുണ്ട്.