മൂന്നാർ: കോടികൾ മുടക്കി നിർമിച്ച മൂന്നാർ ഹൈ ആൾട്ടിറ്റ്യൂഡ് സ്റ്റേഡിയം ഇന്ന് കാട് കയറി നശിക്കുകയാണ്. കായികതാരങ്ങൾക്കായി രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഹൈ ആൾറ്റിറ്റിയൂഡ് പരിശീലന കേന്ദ്രങ്ങളിൽ ഒന്നാണ് മൂന്നാറിലേത്. ദേശീയ, അന്തർദേശീയ നിലവാരത്തിലുള്ള കായികതാരങ്ങൾക്ക് ഇവിടെ താമസിച്ച് മികച്ച രീതിയിൽ പരിശീലനം നടത്തുന്നതിനുള്ള സൗകര്യങ്ങളാണ് ലക്ഷ്യമിട്ടത്. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ മുൻകൈയെടുത്ത് മൂന്നാറിലെ 15 ഏക്കർ സ്ഥലത്ത് 7.25 കോടി മുതൽ മുടക്കിൽ 2008ലാണ് സ്റ്റേഡിയം നിർമ്മിച്ചത്. വിദേശരാജ്യങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്ന കായിക താരങ്ങളെ അവിടുത്തെ കാലവസ്ഥയോട് പൊരുത്തപ്പെടാനാകും വിധം പരിശീലനം നടത്തി പ്രാപ്തരാക്കുക എന്നതായിരുന്നു ലക്ഷ്യം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുന്ന കായിക താരങ്ങളെ ഇവിടെ താമസിപ്പിച്ച് പരിശീലനം നൽകാനും പദ്ധതി തയ്യാറാക്കി. കായിക താരങ്ങൾക്ക് താമസിക്കാനുള്ള ഹോസ്റ്റൽ, വിശാലമായ മൈതാനം എന്നീ സൗകര്യങ്ങളും ഒരുക്കിയിരുന്നു. പൊതുജനങ്ങൾക്ക് കൂടി ഉപയോഗിക്കാൻ കഴിയുന്ന വിധം അന്താരാഷ്ട്ര നിലവാരത്തിലുള്ള ജിംനേഷ്യം, ഫിൽട്രേഷൻ പ്ലാന്റ് എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തിരുന്നു. എന്നാൽ, ചുരുക്കം ചില പരിശീലന പരിപാടികൾ ഒഴിച്ചാൽ മറ്റൊന്നും നാളിതുവരെ നടന്നിട്ടില്ല.
അനുയോജ്യമായ മറ്റൊരിടമില്ല
ഭൂപ്രകൃതികൊണ്ടും കാലാവസ്ഥകൊണ്ടും അനുയോജ്യമായ ഇത്തരമൊരു സ്ഥലം കായികപരിശീലനത്തിന് സംസ്ഥാനത്ത് വേറെ ഇല്ലെന്നിരിക്കെയാണ് കോടികൾ ചെലവിട്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കാതിരിക്കുന്നത്. അത്‌ലറ്റുകൾക്ക് പരിശീലനം നൽകാനുള്ള സൗകര്യമൊരുക്കണം എന്ന മുറവിളി വർഷങ്ങളായി ഉയരുന്നുണ്ടെങ്കിലും കായിക വകുപ്പോ അധികൃതരോ ചെവിക്കൊണ്ടിട്ടില്ല. സ്റ്റേഡിയം നവീകരണം സംബന്ധിച്ച് ഇടക്കിടെയുണ്ടായ പ്രഖ്യാപനങ്ങളും ജനപ്രതിനിധികളുടെ വഴിപാട് സന്ദർശനങ്ങളും മാത്രമാണ് ബാക്കി. പ്രാദേശിക തലത്തിൽ ഫുട്ബാൾ താരങ്ങളായ കുട്ടികളെ തിരഞ്ഞെടുത്ത് പരിശീലനം നൽകാൻ ആവിഷ്‌കരിച്ച പദ്ധതിയും ഫലം കണ്ടില്ല. കോടികൾ ചെലവിട്ട് ഹോസ്റ്റൽ നവീകരിച്ചെങ്കിലും പരിശീലന പരിപാടികൾ ആരംഭിക്കുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. ഇതോടെ കായിക താരങ്ങൾക്ക് പകരം കാലികൾ മേയുന്നയിടമായി ഹൈ ആൾട്ടിറ്റ്യൂട്ട് സ്റ്റേഡിയം മാറി.