തൊടുപുഴ: വണ്ടമറ്റം അക്വാറ്റിക് സെന്ററിൽ നടന്ന സംസ്ഥാന ഇൻവിറ്റേഷൻ മാസ്റ്റേഴ്‌സ് അക്വാറ്റിക് മത്സരത്തിൽ 236 പോയിന്റുകളോടെ തിരുവനന്തപുരം ചാമ്പ്യൻമാരായി. 132 പോയിന്റുകൾ നേടിയ കോട്ടയം ജില്ലയ്ക്കാണ് രണ്ടാം സ്ഥാനം. ഓവറോൾ വിജയികളായ തിരുവനന്തപുരം ജില്ലക്ക് കേരള അക്വാറ്റിക് അസോസിയേഷൻ മുൻ സെക്രട്ടറി കെ. ബാബുവിന്റെ പേരിലുള്ള എവർ റോളിംഗ് ട്രോഫിയും, രണ്ടാം സ്ഥാനം നേടിയ കോട്ടയം ജില്ലക്കു തൃശ്ശൂർ ജില്ലാ അക്വാറ്റിക് അസോസിയേഷൻ മുൻ സെക്രട്ടറി ടി.വി. പങ്കജാക്ഷന്റെ പേരിലുള്ള എവർ റോളീംഗ് ട്രോഫിയും സംഘാടക സമിതി ചെയർമാൻ ബേബി വർഗ്ഗീസ് വിതരണം ചെയ്തു. മത്സരങ്ങൾ രാവിലെ ഒമ്പതിന് കോടിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബു ഉത്ഘാടനം ചെയ്തു. ചെയർമാൻ ബേബി വർഗ്ഗീസ് അദ്ധ്യക്ഷനായിരുന്നു. വിജയൻ കുന്നുംപുറത്ത്, മാത്യു വി.യു, എം.എസ്. പവനൻ എന്നിവർ പ്രസംഗിച്ചു. ആസ്‌ട്രേലിയയിൽ നടന്ന ലോക പാൻ പസഫിക് മാസ്റ്റേഴ്‌സ് നീന്തൽ മത്സരത്തിൽ 80 വയസിനു മുകളിലുള്ള വിഭാഗത്തിൽ പങ്കെടുത്ത് സ്വർണ്ണമെഡൽ നേടിയ പാലാ സ്വദേശി പ്രൊഫ. കെ.സി. സെബാസ്റ്റ്യനെ ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ ബേബി വർഗ്ഗീസ് പൊന്നാട അണിയിച്ച് ആദരിച്ചു. വിവിധ ജില്ലകളിൽ നിന്നുമായി ദേശീയ അന്തർ ദേശീയ നീന്തൽ താരങ്ങൾ ഉൾപ്പെടെ 110 പേർ മത്സരത്തിൽ പങ്കെടുത്തു. മുഴുവൻ വിജയികൾക്കും സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു.