കട്ടപ്പന :മുണ്ടിയെരുമയിൽ എസ്.എൻ.ഡി.പി ശാഖയുടെ നിർമ്മാണപ്രവർത്തനങ്ങൾ പൊളിച്ചു നീക്കാനെത്തിയ റവന്യൂ അധികൃതർ പ്രതിഷേധത്തെത്തുടർന്ന് പിൻവാങ്ങി. ടൗണിൽ ശാഖായോഗത്തിന്റെ കെട്ടിടത്തോട് ചേർന്ന് നിർമ്മിക്കുന്ന പ്രാർത്ഥനാ ഹാളും അനുബന്ധ നിർമ്മാണങ്ങളുമാണ് ഉടുമ്പൻചോല തഹസീൽദാരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം വൻ പൊലീസ് അകമ്പടിയോടെ എത്തി പൊളിച്ചു നീക്കാൻ ശ്രമം നടത്തിയത്. 1955 ൽ 39സെന്റ് സ്ഥലം എസ്. എൻ.ഡി.പി ശാഖയ്ക്ക് പതിച്ച് നൽകിയിരുന്നു. പിന്നീട് നടന്ന റീ സർവ്വേയിൽ ഇത് 19സെന്റ് ആയി കുറഞ്ഞു. 20സെന്റ് ഭൂമി അന്ന് നഷ്ടപ്പെട്ടു. ഒടുവിൽ റീ സർവ്വേ നടത്തിയപ്പോൾ ഇത് വീണ്ടും 14സെന്റ് ആയി വീണ്ടും കുറഞ്ഞു. ഇതിൽ നാല് സെന്റ് പട്ടയവും 10സെന്റ് കൈവശവുമാണ് ഇപ്പോൾ ഉള്ളത്. പട്ടയഭൂമിക്ക് കഴിഞ്ഞ വർഷം വരെ കരം അടച്ചിരുന്നതുമാണ്. ഈ ഭൂമിക്കുള്ളിലാണ് ഇപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. എന്നാൽ ഇത് റവന്യൂ ഭൂമിയാണെന്ന് ആരോപിച്ച് മുൻപ് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. സ്ഥലം അളക്കാതെയും അതിര് തിരിക്കാതെയുമാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. അർഹമായ ഭൂമി അളന്നു തിരിച്ചു നൽകണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും റവന്യൂ അധികൃതർ ഇതിന് തയാറായിട്ടില്ല.ഈ വസ്തുത നിലനിൽക്കുമ്പോഴാണ് കുടിയൊഴിപ്പിക്കൽ ശ്രമം നടത്തിയത്. സംഭവം അറിഞ്ഞ് എസ്.എൻ.ഡി.പി ശാഖയ്ക്ക് പിൻതുണയുമായി ഇതര മത വിഭാഗങ്ങളുടെ നേതാക്കളും പ്രവർത്തകരും എത്തിയതോടെ റവന്യൂ അധികൃതർ പിൻവലിയുകയായിരുന്നു.

മുണ്ടിയെരുമയിൽ എസ്.എൻ.ഡി.പി ശാഖയുടെ നിർമ്മാണപ്രവർത്തനങ്ങൾ പൊളിച്ചു നീക്കാൻ റവന്യൂ അധികൃതർ എത്തിയപ്പോൾ പ്രതിഷേധവുമായി തടിച്ചുകൂടിയ നാട്ടുകാർ.