ചെറുതോണി. ബഫർസോൺ വിഷയത്തിൽ അരാഷ്ട്രീയ സംഘടനകൾ അപകടകരമായ ആശങ്ക പരത്തുകയാണെന്ന് സി .പി.എം . ജില്ല മുഴുവൻ ബഫർസോൺ ആക്കാൻപോകുന്നു എന്ന തെറ്റായ പ്രചരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഈ സംഘടനകൾ ശ്രമിക്കുന്നത്. ഇടുക്കി ജില്ലയിൽ 12 റെയിഞ്ചുകളിലായി വ്യാപിച്ചു കിടക്കുന്ന പ്രാദേശിക വനങ്ങൾക്ക് (ടെറിറ്റോറിയൽഫോറസ്റ്റ്) ചുറ്റും ബഫർസോൺ ബാധകമല്ല. നഗരംപാറ റെയിഞ്ച്, അയ്യപ്പൻകോവിൽ, കുമിളി, എരുമേലി, മൂന്നാർ,ദേവികുളം, അടിമാലി,നേര്യമംഗലം, ആനക്കുളം, മാങ്കുളം, മറയൂർ, കാന്തല്ലൂർ ഉൾപ്പെടെയുള്ള വനങ്ങൾക്ക് ബഫർസോണില്ല. ബഫർസോൺ സാദ്ധ്യത നിലനിൽക്കുന്നത്‌ദേശീയ ഉദ്യാനങ്ങൾക്കും വന്യജീവി സങ്കേതങ്ങൾക്കു ചുറ്റും മാത്രമാണ്. ഇടുക്കി ജില്ലയിൽ 792 പഞ്ചായത്ത് മുൻസിപ്പൽ വാർഡുകളാണ് ഉള്ളത്. അതിൽ 20 വാർഡുകളിൽ താഴെ മാത്രമാണ്‌ നേരിയതോതിൽ ബഫർസോൺ ഇപ്പോൾ ഉൾപ്പെട്ടിട്ടുള്ളത്. ഇടുക്കി വന്യജീവി സങ്കേതത്തിന്റെ അതിർത്തി ഡാമിന്റെ മറുകരയിലുള്ള ജലനിരപ്പാണ്. എന്നാൽ പെരിയാർ കടുവ സങ്കേതത്തിന് ചുറ്റുമുള്ള ചില വാർഡുകളെ ബാധിക്കുന്നുണ്ട്. വസ്തുതകൾ ഇതായിരിക്കെ, 20 വാർഡുകളിൽ ബാധിക്കുന്ന പ്രശ്‌നത്തെ പർവ്വതീകരിച്ച് ജില്ല മുഴുവൻ വനമാക്കാൻപോകുന്നു എന്ന നിലയിൽ വ്യാജപ്രചരണം നടത്തി കലക്കവെള്ളത്തിൽ മീൻ പിടിക്കാനാണ് ശ്രമിക്കുന്നത്. . ജനവിരുദ്ധ ഉത്തരവുകളുടേയുംകോടതി ഇടപെടലുകളുടേയും ഫലമായി വന്നുചേർന്ന ദുരിതങ്ങൾ പരിഹരിക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് പിണറായി സർക്കാർ. അതിനോടൊപ്പം നിൽക്കുകയുംയോജിച്ച പ്രവർത്തനത്തിലൂടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാണ് എല്ലാവരും ശ്രമിക്കേണ്ടതെന്നും സി .പി. എം ജില്ലാ സെക്രട്ടറി സി .വി വർഗീസ് വ്യക്തമാക്കി.