കട്ടപ്പന :നെടുംകണ്ടം പൊന്നാമല മേഖലയിൽ കുരങ്ങ് പേൻ ശല്യം മൂലം നാട്ടുകാർ പൊറുതി മുട്ടുന്നു. വനാതിർത്തിയോട് ചേർന്നാണ് കുരങ്ങിലും കാട്ടുപന്നികളിലും കണ്ടുവരുന്ന പേൻ ശല്യം വ്യാപകമായത്. മുപ്പതോളം പേർഇതുമായി ബന്ധപ്പെട്ട് ചികിത്സ തേടി. കടിച്ചാലുടൻ ശരീരം ചൊറിഞ്ഞു തടിച്ചു രക്തം പൊടിയും. നീറ്റലും ചൊറിച്ചിലും ഒരാഴ്ചയിലധികം നീണ്ടുനിൽക്കും. വിറക് ശേഖരണത്തിനും മറ്റും പോയവർക്കാണ് കൂടുതൽ പേൻ കടിയേൽക്കേണ്ടി വന്നത്. ശല്യം രൂക്ഷമായതോടെ പട്ടം കോളനി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. പാമ്പാടുംപാറ ഗവേഷണ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ 'ഹാർഡ് ടിക് 'എന്ന ഇനത്തിലുള്ള പേനുകളാണ് വ്യാപിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ചു ആരോഗ്യ വകുപ്പ് അധികൃതർ ഡി.എം.ഒയ്ക്ക് റിപ്പോർട്ട് നൽകി.