കുടയത്തൂർ: അന്ധ വിശ്വാസങ്ങൾക്കെതിരെ ബോധവൽക്കരണ പ്രദർശനം സജ്ജമാക്കി കുടയത്തൂർ ഗവ: ഹയർ സെക്കന്ററി സ്‌കൂളിലെ എൻ.എസ്.എസ് വിഭാഗം.സംസ്ഥാന ഹയർ സെക്കന്ററി വകുപ്പിന്റെ ഛായം പദ്ധതിയുടെ ഭാഗമായാണ് പ്രദർശനം സംഘടിപ്പിച്ചത്.അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിവിധ വസ്തുക്കളും നര ബലി സംഭവത്തിന്റെ മാതൃക,ഇന്ത്യൻ ഭരണഘടനയുടെ മൗലിക തത്ത്വങ്ങൾ, ശാസ്ത്രബോധത്തിന്റെ ആവശ്യകത എന്നിങ്ങനെയും പ്രദർശനത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. സമീപത്തെ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ,പ്രദേശവാസികൾ ഉൾപ്പെടെ നിരവധി ആളുകൾ പ്രദർശനം വീക്ഷിക്കാൻ എത്തിയിരുന്നു.സിനിമ,നാടക കലാകാരൻമാരായ സുബാഷ് രാജ്,സച്ചിൻ പള്ളിക്കൂടം, പ്രവീൺ സംഘ കല എന്നിവരുടെ മേൽനോട്ടത്തിലാണ് വിദ്യാർത്ഥികൾ ജീവൻ തുടിക്കുന്ന നിശ്ചല ദൃശ്യങ്ങളും വിവിധ പ്രദർശന വസ്തുക്കളും തയ്യാറാക്കിയത്.ബോധവൽക്കരണ പ്രദർശന പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ.എം.ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു.കുടയത്തൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ .എൻ.ഷിയാസ്, സ്‌കൂൾ പ്രിൻസിപ്പാൾ ജിസ് പുന്നൂസ്, പി.റ്റി.എ.പ്രസിഡന്റ് കെ.പി.രാജേഷ്,സൗഹൃദ ക്ലബ് കോർഡിനേറ്റർ മഹിളാമണി,എൻ.എസ്.എസ് വനിതാ കോർഡിനേറ്റർ അജി .എസ്,ശാസ്ത്ര ലാബ് കോർഡിനേറ്റർ ഷിബു എം. പി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഷൈനോജ് ഒ.വി എന്നിവർ നേതൃത്വം നൽകി.