കുമളി: ശാഖകളുടെയും പോഷക സംഘടനകളുടെയും നേതൃനിരയെ പങ്കെടുപ്പിച്ച് എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയന്റെ നേതൃത്വത്തിൽ തേക്കടി എസ്.എൻ ഇന്റർനാഷണൽ ഹോട്ടലിൽ നടന്ന 'ദിശ 2022' ദ്വിദിന ക്യാമ്പ് സമാപിച്ചു. ഹൈറേഞ്ച് യൂണിയന്റെ 38 ശാഖയിൽ നിന്നുള്ള പ്രസിഡന്റ് , വൈസ് പ്രസിഡന്റ്, സെക്രട്ടറി ,യൂണിയൻ കമ്മിറ്റി അംഗങ്ങൾ, യൂണിയൻ കൗൺസിൽ അംഗങ്ങൾ, വനിതാസംഘം, യൂത്ത്മൂവ്മെന്റ്, മറ്റ് പോഷക സംഘടനകളുടെ നേതാക്കന്മാർ, എക്‌സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവരുടെ സജീവ സാന്നിദ്ധ്യം കൊണ്ട് ക്യാമ്പ് ശ്രദ്ധേയമായി. ശനിയാഴ്ച ആരംഭിച്ച ക്യാമ്പ് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹൈറേഞ്ച് യൂണിയന്റെ നേതൃത്വത്തിൽ ഒരു കോപ്പറേറ്റീവ് ബാങ്ക് രൂപീകരിക്കണമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർദേശിച്ചു. കെ.ഡി രമേശ് അടിമാലി, കോട്ടയം യൂണിയൻ വൈസ് പ്രസിഡന്റ് വി.എം ശശി, ഇന്റർനാഷണൽ ട്രെയിനർ ചെറിയാൻ വർഗീസ് എന്നിവർ ക്ലാസ് നയിച്ചു. അക്ഷയ് രോഹിത്തിന്റെ നേതൃത്വത്തിൽ സംഗീതസന്ധ്യയും അരങ്ങേറി.
സമാപന സമ്മേളനം എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി പി.എസ് വിജയൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അദ്ധ്യക്ഷനായിരുന്നു. യൂണിയൻ വൈസ് പ്രസിഡന്റ് ലാലിറ്റ് എസ്. തകിടിയേൽ ആശംസ നേർന്നു. യൂണിയൻ സെക്രട്ടറി അഡ്വ.പി.ജീരാജ് സ്വാഗതവും യോഗം ബോർഡ് മെമ്പർ ഷാജി ഷാസ് നന്ദിയും പറഞ്ഞു.