 
തൊടുപുഴ: ഫുട്ബോൾ തട്ടാൻ മുൻ മന്ത്രി പി.ജെ. ജോസഫും നേതാക്കളും അണിനിരന്നപ്പോൾ ആവേശം വാനോളമായി. കെ ബോൾ 2022ന്റെ നേതൃത്വത്തിൽ മതമൈത്രി സന്ദേശം പകർന്നും മയക്കുമരുന്നിനെതിരായും തൊടുപുഴയിൽ സംഘടിപ്പിച്ച സംസ്ഥാന ടർഫ് സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെന്റിലാണ് നേതാക്കൾ അണിനിരന്നത്. കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ടീമും യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം ടീമും തമ്മിൽ നടന്ന സൗഹൃദ മത്സരം കിക്കോഫ് നടത്തി ടൂർണ്ണമെന്റ് പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളും യുവജനങ്ങളും മയക്കുമരുന്നിനടിമകളാകാതിരിക്കാൻ കായിക വിനോദം പ്രോത്സാഹിപ്പിക്കണമെന്ന് പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. മതേതരത്വത്തിന്റെ സന്ദേശവാഹകരാക്കാനും കായികക്ഷമതയുള്ള തലമുറ സൃഷ്ടിക്കാനും യുവജനതയ്ക്ക് കഴിയണമെന്നും ജോസഫ് പറഞ്ഞു.
മയക്കുമരുന്നിനെതിരായ പ്രചരണ ഭാഗമായി കെ ബോൾ- 2022 ചീഫ് കോ- ഓർഡിനേറ്റർ അപു ജോൺ ജോസഫ് ദൃഢപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേരള യൂത്ത് ഫ്രണ്ട്, കെ.എസ്.സി നേതൃത്വത്തിലുള്ള കെ ബോൾ- 2022 ടൂർണ്ണമെന്റിൽ 24 ടീമുകൾ പങ്കെടുത്തു. യൂത്ത്ഫ്രണ്ട് നിയോജക മണ്ഡലം ടീമുമായി സൗഹൃദ മത്സരത്തിനിറങ്ങിയ പാർട്ടി സംസ്ഥാന ടീമിൽ മുൻ എം.പി പി.സി. തോമസ്, അഡ്വ. മോൻസ് ജോസഫ് എം.എൽ.എ, അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ്, അപു ജോൺ ജോസഫ്, എം. മോനിച്ചൻ, ഷിബു തെക്കുംപുറം, ജോബി ജോൺ, സജി മഞ്ഞക്കടമ്പിൽ, അജിത് മുതിരമല, രാകേഷ് ഇടപ്പുര എന്നിവർ പങ്കെടുത്തു. മുൻ എം.പി അഡ്വ. ജോയി എബ്രഹാം, അഡ്വ. ജോണി നെല്ലൂർ, പ്രൊഫ. എം.ജെ. ജേക്കബ്ബ്, പി.എം. ജോർജ്ജ്, അഡ്വ. ജോസഫ് ജോൺ, അഡ്വ. ജോസി ജേക്കബ്ബ്, കെ.വി. കണ്ണൻ, അഡ്വ. കെ.എം. ജോർജ്ജ് എന്നിവർ വിവിധ മത്സരങ്ങളിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തു.