ഇടുക്കി: മൻഡൂസ് ചുഴലിക്കാറ്റിനെ തുടർന്നുള്ള കൊടുംതണുപ്പും ഇടതടവില്ലാതെ മഴയും കാരണം ദുരിതത്തിലായിരിക്കുകയാണ് ഇടുക്കിക്കാർ. സാധാരണ രീതിയിൽ ഡിസംബർ, ജനുവരി മാസങ്ങളിൽ ജില്ലയിൽ തണുപ്പ് അനുഭവപ്പെടാറുണ്ടെങ്കിലും ഏറ്റവും തീവ്രമാകുക മൂന്നാർ, പീരുമേട്, വാഗമൺ പോലുള്ള മലയോര മേഖലകളിലാണ്. ഡിസംബർ അവസാനത്തോടെ കൂടുന്ന തണുപ്പ് ജനുവരി പാതി വരെയാണ് നീണ്ടുനിൽക്കുക. അതും പുലർച്ചെ സമയങ്ങളിലാകും കൂടിയ തണുപ്പ്. എന്നാൽ അതിൽ നിന്ന് വിപരീതമായി ലോ റേഞ്ചായ തൊടുപുഴയിൽ പോലും കൂടിയ തണുപ്പാണ് ഏതാനും ദിവസമായി അനുഭവപ്പെടുന്നത്. വെള്ളിയാഴ്ച രാത്രിയിലാണ് ഏറ്റവും കൂടിയ തണുപ്പ് ജില്ലയിലാകെ അനുഭവപ്പെട്ടത്. രോഗികളും വയോധികരും കുട്ടികളുമാണ് ഇത് മൂലം ഏറെ ബുദ്ധിമുട്ടുന്നത്. അഞ്ച് ദിവസമായി ജില്ലയിൽ വെയിൽ കാര്യമായി തെളിയുന്നില്ല. സൂര്യപ്രകാശം ഇല്ലാത്തതിനാൽ അന്തരീക്ഷവും തണുത്ത് കിടക്കുകയാണ്. ഇതോടെ അന്തരീക്ഷ ആർദ്രതയും താഴ്ന്ന് നിൽക്കുകയാണ്. ഇതാണ് തണുപ്പ് കൂടുതൽ അനുഭവപ്പെടാൻ മുഖ്യകാരണം.

ഇന്നും നാളെയും മഞ്ഞ അലർട്ട്
ജില്ലയിൽ ഇന്നും നാളെയും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ഏതാനം ദിവസമായി ജില്ലയിൽ ഇടവിട്ട് മഴ തുടരുകയാണ്. ഹൈറേഞ്ചിലാണ് കൂടുതൽ ശക്തമായ മഴ. ലോ റേഞ്ചിൽ ചാറ്റൽ മഴയാണ് കൂടുതലും ലഭിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ ഇന്നലെ വൈകിട്ടും ഇടവിട്ട് മിക്കയിടത്തും തുടരുന്നുണ്ട്. ഇതേ കാലാവസ്ഥ രണ്ട് ദിവസം കൂടി തുടരുമെങ്കിലും ഇന്ന് പകൽ തണുപ്പ് അൽപം കുറയും. ഇടയ്ക്ക് ഹൈറേഞ്ചിലടക്കം വെയിലുമെത്തും. നാളെ പകൽ മഴ വീണ്ടും ശക്തമായേക്കും.