ചെറുതോണി: ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫയർ ഫണ്ട് ബോർഡിൽ അംഗങ്ങളായ തെഴിലാളികളോട് കാണിക്കുന്ന അനീതിക്കെതിരെ നാളെ പ്രതിഷേധ മാർച്ചും ക്ഷേമനിധി ആഫീസ് ധർണ്ണയും നടത്താൻ ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്‌സ് ഫെഡറേഷൻ (ഐ.എൻ.റ്റി.യു.സി) ജില്ലാ കമ്മറ്റി തീരുമാനിച്ചു. കോടിക്കണക്കിനു രൂപയുടെ വരുമാന ശ്രോതസ്സും നിക്ഷേപവുമുണ്ടായിരുന്ന ക്ഷേമബോർഡ് തകർച്ചയുടെ വക്കിലാണ്.ചികിത്സാ സഹായവും പെൻഷനും ഉൾപ്പെടെ കോടിക്കണക്കിന് രൂപ തൊഴിലാളികൾക്ക് കൊടുത്തു തീർക്കാനുണ്ട്. പെൻഷൻ ലഭിക്കുന്നതിന് കാത്തിരിക്കുന്ന പാവപ്പെട്ട തൊഴിലാളികളോട് വലിയ ദ്രോഹമാണ് സർക്കാരും ക്ഷേമ ബോർഡും ചെയ്യുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. സെസ്സ് പിരിച്ചെടുത്ത് പ്രതിസന്ധിക്കു പരിഹാരം കാണേണ്ട ഭരണകൂടവും ക്ഷേമ ബോർഡും അനങ്ങാപ്പാറനയം സ്വീകരിച്ചിരിക്കുന്നത് പ്രതിഷേധാർഹമാണെന്നും യോഗം ചുണ്ടിക്കാട്ടി.
യൂണിയൻ ജില്ലാ പ്രസിഡന്റ് എ.പി.ഉസ്മാൻ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ ലീലാമ്മ വർഗീസ്, കെ.എം. ജലാലുദ്ദീൻ, കെ.പി.റോയി,ബാബു കളപ്പുര, ജോർജ് വർഗീസ്, മിനി ബേബി, ഉഷ ബെന്നി, തങ്കച്ചൻ കാരയ്ക്കാവയലിൽ തുടങ്ങിയവർ പ്രസംഗിച്ചു.