
മറയൂർ: ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്ന് കർഷകരെ മുക്തരാക്കുകയെന്ന ലക്ഷ്യത്തോടെ വട്ടവടയിൽ സംസ്ഥാന പട്ടിക വർഗ്ഗ വികസന വകുപ്പ് സെന്റർ ഫോർ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റ് വഴി നടപ്പിലാക്കുന്ന ഹരിത രശ്മി പദ്ധയിലൂടെ നൂറ്മേനി വിളയിച്ച് കർഷകർ. വളവും വിത്തും സൗജന്യമായി കർഷകർക്ക് ലഭ്യമാക്കിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. സംസ്ഥാന പട്ടിക വർഗ്ഗ വികസന വകുപ്പ് സെന്റർ ഫോർ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റ് വഴി വയനാട്, ഇടുക്കി ജില്ലകളിലാണ് ഹരിത രശ്മി പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. വയനാട്ടിൽ 3000 കർഷകരും ഇടുക്കിയിൽ 1000 കർഷകരും പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. വട്ടവട പഞ്ചായത്തിലെ സ്വാമിയാറളക്കുടി, കൂടല്ലാർകുടി, വത്സപ്പെട്ടിക്കുട്ടി തുടങ്ങിയ മൂന്ന് കുടികളിൽ നിന്നുള്ള 322 പേരാണ് ഹരിത രശ്മി പദ്ധതിയുടെ ഭാഗമായി ഇത്തവണ കൃഷിയിറക്കിയത്. ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്ന് കർഷകരെ മുക്തരാക്കുകയെന്ന ലക്ഷ്യത്തോടെ പദ്ധതി വഴി വിത്തും വളവും ലഭ്യമാക്കി. വിൽപ്പനയ്ക്കുള്ള വിപണി കണ്ടെത്താനും പിന്തുണ നൽകും. പദ്ധതിയിലൂടെ കൃഷിയിറക്കിയ പച്ചക്കറികൾ നൂറ് മേനി വിളവ് നൽകിയിട്ടുണ്ട്.
ഉരുളക്കിഴങ്ങ്, കാബേജ്, ബട്ടർ ബീൻസ്, കാരറ്റ് തുടങ്ങി വിവിധയിനം പച്ചക്കറികളാണ് കർഷകർ പദ്ധതിയിലൂടെ വിളയിച്ചെടുത്തിട്ടുള്ളത്.
വിളവെടുപ്പിന്റെ ഭാഗമായി വട്ടവടയിൽ യോഗം ചേരുകയും പദ്ധതിയുടെ അവലോകനം നടത്തുകയും ചെയ്തിരുന്നു. സംസ്ഥാന കോ- ഓഡിനേറ്റർ ടി.ജി. അനിൽ, ജില്ലാ കോ- ഓഡിനേറ്റർ ടിജോ ജോസഫ്, വി.കെ. കല്ലുള്ള, അസ്ലാം പി. ഇല്യാസ് എന്നിവർ പങ്കെടുത്തു.