haris

പീരുമേട്: കരാറുകാരിയിൽ നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറി പത്തനംതിട്ട സ്വദേശി എം.ഹാരീസ് ഖാനെ (52) വിജിലൻസ് പിടികൂടി. പഞ്ചായത്ത് വക കമ്മ്യൂണിറ്റി ഹാൾ അറ്റകുറ്രപ്പണി ചെയ്യാൻ കരാറെടുത്ത സ്ത്രീയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. നാലര ലക്ഷം രൂപയുടെ ബില്ല് മാറി നൽകണമെങ്കിൽ കരാർ തുകയുടെ ഒരു ശതമാനവും മുമ്പ് ബില്ല് മാറിയ തുകയുടെ കമ്മിഷനും ചേർത്ത് പതിനായിരം രൂപ നൽകണമെന്ന് ഇവരോട് ഹാരീസ് ഖാൻ ആവശ്യപ്പെട്ടു. ഇന്നലെ രാവിലെ ഫോണിൽ വിളിച്ച് പതിനായിരം രൂപ ഉച്ചയ്ക്ക് രണ്ടരയ്ക്കകം ഓഫീസിലെത്തി നൽകണമെന്നും നിർദ്ദേശിച്ചു.

ഇക്കാര്യം കരാറുകാരി വിജിലൻസ് ഇടുക്കി യൂണിറ്റ് ഡിവൈ.എസ്.പി ഷാജു ജോസിനെ അറിയിച്ചു. വിജിലൻസ് നിർദ്ദേശപ്രകാരം തുക കൈമാറുമ്പോഴാണ് പിടികൂടിയത്.

ഇയാൾക്കെതിരെ മുമ്പും നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ഡിവൈ.എസ്.പി പറഞ്ഞു. പ്രതിയെ ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.