ചെറുതോണി :മെഡിക്കൽ കോളേജ് കെട്ടിട നിർമ്മാണവും പുതിയ പാലം നിർമാണവും മൂലം വീർപ്പു മുട്ടുന്ന ടൗണിൽ പൊലീസിന്റെ ഏകപക്ഷീയ നടപടികൾ വ്യാപാരികൾക്കും ഒപ്പം വാഹന ഉടമകൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി ആരോപണം. വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾക്ക് കൂട്ടത്തോടെ പിഴ അടിക്കുന്നതാണ് പ്രതിഷേധത്തിന് കാരണമായത്. കൊവിഡ് പ്രതിസന്ധി തരണം ചെയ്ത് നിലനിൽപ്പിനായി പോരാടുന്ന വ്യാപാരികൾക്ക് ക്രിസ്മസ്, പുതുവത്സര വിപണിയാണ് ഇനിയുള്ള പിടിവള്ളി. എന്നാൽ വ്യാപാരസ്ഥാപനങ്ങളിൽ വാഹനത്തിൽ വരുന്നവർക്ക് പ്രവേശിക്കണമെങ്കിൽ പേടിക്കണം, ഇറങ്ങി വരുമ്പോൾ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾക്ക് പെറ്റി കിട്ടിയിരിക്കും. മുൻപ് വാഹനങ്ങളുടെ ഫോട്ടോ എടുത്തു കൊണ്ട് പോയി പിഴ അടിക്കുന്ന രീതിയായിരുന്നു . ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് ഇടുക്കി ഡാം സന്ദർശകർക്കായി തുറന്നിട്ടുള്ളതിനാൽ ടൗണിൽ എപ്പോഴും തിരക്കാണ്. ഒരു വശത്ത് പാലത്തിന്റെ നിർമാണത്തിനായി മണ്ണ് എടുക്കുന്നതിനാൽ ഗതാഗത തടസവും ഉണ്ട്. നിയമ ലംഘനം നടത്തുന്ന വാഹനങ്ങൾക്ക് പിഴ നൽകണമെന്നും അല്ലാത്ത വാഹനങ്ങളെ ഒഴിവാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.