തൊടുപുഴ: ടൗണിലെ പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ റീടാറിങ് ജോലികൾ കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കുമെന്ന് പി .ജെ ജോസഫ് എം.എൽ.എ പറഞ്ഞു. റോഡ് റീ ടാറിങ് പല ഘട്ടങ്ങളിലായിട്ടാണ് നടത്തുന്നത്. റോഡിന് കൂടുതൽ വിരിവുകളും കുഴികളുമുള്ള സ്ഥലങ്ങൾ വേർതിരിച്ച് അവിടെ റോഡ് ശക്തിപ്പെടുത്തിയതിന് ശേഷമാണ് മുഴുവൻ സ്ഥലത്തുമുള്ള ടാറിങ് നടത്തുക. ടൗണിലെ കാഞ്ഞിരമറ്റം ബൈപ്പാസ്, കോതായിക്കുന്ന് ബൈപ്പാസ്, കാഞ്ഞിരമറ്റം മങ്ങാട്ടുകവല ബൈപ്പാസ് ,തൊടുപുഴ ഉടുമ്പന്നൂർ റോഡ് പുളിമൂട്ടിൽ കവല മുതൽ മങ്ങാട്ടുകവല വരെ, കുട്ടപ്പാസ് റോഡ്, റോട്ടറി ജംഗ്ഷൻ മുതൽ മുനിസിപ്പൽ ഓഫീസ് വരെയുള്ള ഭാഗം ഇത്രയും ഭാഗത്തെ മുഴുവൻ റോഡും ബിഎംബിസി നിലവാരത്തിൽ റീട്ടാറിങ് നടത്തുന്നതിനുള്ള ജോലികളാണ് ഏർപ്പാട് ചെയ്തിട്ടുള്ളത്. അപ്രതീക്ഷിതമായി ഉണ്ടായിട്ടുള്ള മഴയും, പകൽ സമയത്ത് റീടാറിങ് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടും മൂലം ജോലികൾ പൂർത്തീകരിച്ച് വരുന്നതേയുള്ളൂ. എങ്കിലും റീടാറിങ് പൂർത്തിയാകുമ്പോൾ എല്ലാ റോഡുകളും മനോഹരമായി നിലനിർത്താൻ കഴിയും എന്ന് അദ്ദേഹം പറഞ്ഞു. അതിൽ ആർക്കും ആശങ്ക ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.