k-ball
കെ - ബോൾ സെവൻസ് ഫുട്ബോൾ മത്സരത്തിൽ വിജയികളായ എറണാകുളം ടീം

തൊടുപുഴ: മതനിരപേക്ഷ സന്ദേശം പകർന്നും മയക്കുമരുന്നിനെതിരായും തൊടുപുഴയിൽ കേരള യൂത്ത് ഫ്രണ്ടും കെ.എസ്.സിയും സംയുക്തമായി സംഘടിപ്പിച്ച കെ ബോൾ സെവൻസ് ഫുട്‌ബോൾ മത്സരത്തിൽ എറണാകുളം വിജയികളായി. കാസർഗോഡ് ജില്ല രണ്ടാം സ്ഥാനത്തും മലപ്പുറം ജില്ല മൂന്നാം സ്ഥാനത്തുമെത്തി. സ്വാഗത സംഘം വൈസ് ചെയർമാൻ എം. മോനിച്ചന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം കെ ബോൾ 2022 ചീഫ് കോ- ഓർഡിനേറ്റർ അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു. ഒന്നാം സമ്മാനം നേടിയ എറണാകുളത്തിന് ബ്രാഹ്മിൺസ് നൽകിയ 10,000 രൂപ ക്യാഷ് പ്രൈസും മീവൽ ട്രേഡേഴ്‌സ് നൽകിയ ട്രോഫിയും അപു ജോൺ ജോസഫ് വിതരണം നടത്തി. രണ്ടാം സ്ഥാനം നേടിയ കാസർഗോഡിന് പുളിമൂട്ടിൽ ടെക്സ്റ്റൈൽസ് നൽകിയ 5000 രൂപയും മീവൽ ട്രേഡേഴ്‌സ് നൽകിയ ട്രോഫിയും സ്വാഗത സംഘം ചെയർമാൻ അഡ്വ. ജോസി ജേക്കബ് വിതരണം ചെയ്തു. മൂന്നാം സ്ഥാനം നേടിയ മലപ്പുറത്തിന് പുളിമൂട്ടിൽ ടെക്സ്റ്റൈൽസ് നൽകിയ 3000 രൂപയും മീവൽ ട്രേഡേഴ്‌സ് നൽകിയ ട്രോഫിയും യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അജിത് മുതിരമല സമ്മാനിച്ചു.
മികച്ച കളിക്കാരനായി തിരഞ്ഞടുത്ത എറണാകുളം ജില്ലാ ടീമിന്റെ അരുൺ ഷാനിന് ഐ.ടി പ്രൊഫഷണൽ കോൺഗ്രസ് നൽകിയ 2000 രൂപ കാഷ് പ്രൈസ് ജനറൽ സെക്രട്ടറി ജെയിസ് ജോൺ വെട്ടിയാറും മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുത്ത കാസർഗോഡ് ടീമിലെ വി.എം. ഷാഹിദിന് കെ.എസ്.സി ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ 1000 രൂപ ക്യാഷ് അവാർഡും യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. കണ്ണനും വിതരണം ചെയ്തു. യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ബൈജു വറവുങ്കൽ, ക്ലമന്റ് ഇമ്മാനുവൽ, ജോബി പൊന്നാട്ട്, ജില്ലാ പ്രസിഡന്റ് അഡ്വ. എബി തോമസ്, ജെയിസ് ജോൺ, ബിനോയി മുണ്ടയ്ക്കാമറ്റം, ഷിബു പൗലോസ്, ഉദീഷ് ഫ്രാൻസിസ്, ഷാജി അറയ്ക്കൽ, പ്രഫുൽ ഫ്രാൻസിസ്, കെ.എസ്.സി ജില്ലാ പ്രസിഡന്റ് എബിൻ വാട്ടപ്പള്ളി, അജോ പ്ലാക്കൂട്ടം എന്നിവർ പ്രസംഗിച്ചു.