tomatto

മറയൂർ: കേരള അതിർത്തി പട്ടണമായ ഉദുമൽപേട്ടയിൽ കിലോയ്ക്ക് 10 രൂപയുള്ള തക്കാളി 40 കിലോമീറ്റർ ദൂരം കടന്ന് മറയൂരിലെത്തുമ്പോൾ രണ്ടിരട്ടയിലധികമാകുന്നു. മറയൂർ ചില്ലറ വിൽപ്പനയിൽ 40 രൂപയാണ് തക്കാളി വില. ജില്ലയിൽ മറ്റ് പ്രദേശങ്ങളിൽ ഇത് അമ്പത് കടക്കും.

ഇപ്പോൾ തമിഴ്‌നാട്ടിൽ തക്കാളിക്ക് വൻ വിലക്കുറവാണ്. കർഷകർക്ക് മുതൽമുടക്ക് പോലും ലഭിക്കാത്ത സാഹചര്യമാണ് ഉള്ളത്. 15 കിലോ ഉൾക്കൊള്ളുന്ന ഒരു പെട്ടി തക്കാളിക്ക് 100 മുതൽ 150 രൂപ മാത്രമാണ് ലഭിക്കുന്നത്. ചില ദിവസങ്ങളിൽ നൂറ് രൂപ പോലും കിട്ടില്ലെന്ന് ഇവിടത്തെ കർഷകർ പറയുന്നു. വിലയില്ലാത്തതിനാൽ ചില കർഷകർ റോഡരികിലും കൃഷിത്തോട്ടത്തിലും ഇവ നശിപ്പിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കിലോയ്ക്ക് ചില്ലറ വിൽപ്പനയിൽ ഒരു കിലോ തക്കാളി 10 രൂപയ്ക്ക് ഉദുമൽ പേട്ടയിൽ ലഭിക്കുമ്പോൾ മറയൂരിൽ 30 രൂപ മുതൽ 40 രൂപ വരെ പ്രദേശത്തെ കച്ചവടക്കാർ വിപണനം നടത്തുന്നത്. ഇതുപോലെ മറ്റ് പച്ചക്കറികൾക്കും അതിർത്തി കടന്നെത്തുമ്പോൾ അമിത വിലയാണ് ഈടാക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.

മറയൂർ, മൂന്നാർ, അടിമാലി മേഖലകളിലെ വ്യാപാരികൾ പച്ചക്കറി മൊത്തമായി വാങ്ങുന്നത് കൂടുതലും മറയൂർ അതിർത്തി പട്ടണമായ ഉദുമൽപേട്ടയിൽ നിന്നാണ്. കൂടാതെ പഴനി ഒട്ടംചിത്രം, തേനി ചന്തകളിലും എത്തി പച്ചക്കറി വാങ്ങാറുണ്ട്. എറണാകുളം ഭാഗത്തേക്കും ഈ ചന്തകളിൽ നിന്നുമാണ് പച്ചക്കറിയെത്തിക്കുന്നത്. ചന്തകളിൽ മൊത്ത വിപണിയിൽ നല്ല വില കുറവുണ്ടായാലും അത് കേരളത്തിൽ എത്തുമ്പോൾ ഇരട്ടി വിലയ്ക്കാണ് വിൽപ്പന.