കരിമണ്ണൂർ: തട്ടുകട അടിച്ചു തകർത്ത് നടത്തിപ്പുകാരിയായ സ്ത്രീയെ കുത്തി പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. പന്നൂർ തച്ചാമഠത്തിൽ ജയനെയാണ് (32) കരിമണ്ണൂർ സി.ഐ സുമേഷ് സുധാകരന്റെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടിയത്. കുത്തേറ്റ ബീന പുളിക്കത്തൊട്ടിയിലിനെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം മൂന്നു മണിക്കായിരുന്നു സംഭവം. പന്നൂർ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപം തട്ടുകട നടത്തുകയാണ് ബീന. ഇവരുടെ കടയ്ക്ക് സമീപം ജയൻ ലോട്ടറി വിൽപന നടത്തുന്നുണ്ട്. ബീനയുടെ തട്ടുകടയിൽ നിന്ന് ആരോ ചായ വാങ്ങി കാത്തിരിപ്പു കേന്ദ്രത്തിൽ ഇരുന്ന് കുടിച്ചു. ഇതിൽ അല്പം നിലത്തു വീണു കിടന്നു. ജയൻ രാത്രിയിൽ കിടക്കുന്നത് കാത്തിരിപ്പു കേന്ദ്രത്തിലാണ്. താൻ കിടക്കുന്ന സ്ഥലത്ത് ചായ വീഴ്ത്തി എന്നാരോപിച്ച് ബീനയെ ആക്രമിക്കുകയും ഇവരെ ചവിട്ടി വീഴ്ത്തുകയുമായിരുന്നു. പിന്നീട് കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇത് തടയുന്നതിനിടെ ബീനയുടെ കൈയ്ക്ക് മുറിവേറ്റിട്ടുണ്ട്. ഇതിന് മുമ്പും പ്രതിയുടെ പക്കൽ നിന്നും ഭീഷണി നേരിട്ടിരുന്നതായി ബീന പറഞ്ഞു. ബീനയുടെ മൊഴി രേഖപ്പെടുത്തി കരിമണ്ണൂർ പൊലീസ് കേസെടുത്തു.