തൊടുപുഴ: മുപ്പത്തിരണ്ട് വർഷം മുൻപ് കിണറ്റിൽ വീണ രണ്ടു വയസുകാരനെ രക്ഷിച്ച് ആദരവേറ്റുവാങ്ങിയ ആലക്കോട് കല്ലിടുക്കിൽ ജോൺ. കെ.ജോസ് എന്ന ജയോച്ചൻ വിടവാങ്ങി. ജീവൻ പണയം വച്ചും ധീരത കാട്ടിയ ജയോച്ചന് അന്ന് രാഷ്ട്രപതിയുടെ അംഗീകാരം.ലഭിച്ചിരുന്നു. 1989 ഡിസംബർ 27നാണ് ജയോച്ചനെ ദേശീയ ബഹുമതിയിലേക്കുയർത്തിയ സംഭവം അരങ്ങേറുന്നത്. ആലക്കോട് സഹകരണ ബാങ്കിന്റെ കാർഷിക മേളയ്ക്ക് പോകാൻ ഒരുങ്ങി ഇറങ്ങിയ ജയോച്ചൻ ഒരു വീട്ടമ്മയുടെ അലമുറകേട്ടാണ് അയൽവീട്ടിലെ കിണറ്റിൻ കരയിലെ ത്തിയത്. ആഴമേറിയ കിണറ്റിലേക്കു നോക്കുമ്പോൾ മുങ്ങിത്താഴുന്ന കുരുന്നുജീവൻ. എല്ലാവരും സ്തബ്ധരായി നോക്കി നില്ക്കുന്നതിനിടയിൽ ജയാച്ചൻ 25 അടി താഴ്ചയുള്ള കിണറ്റിലേക്ക് ഊളിയിട്ടു. വെള്ളത്തിന്റെ മുകൾപ്പരപ്പിൽ എത്തിയപ്പോൾ പഴയരിൽ അലിയാരുടെ മകൻ അഫ്‌സൽ എന്ന രണ്ടുവയസുകാരനും കൈയിലുണ്ടായിരുന്നു. പിന്നെ ഓടിക്കൂടിയവർ ഇട്ടുകൊടുത്ത വടത്തിൽ പി ടിച്ച് രണ്ടുപേരും കിണറ്റിൽനിന്നു കരകയറി. മരണത്തിന്റെ പിടിയിൽ നിന്ന് ഒരു കുരുന്നിനെ രക്ഷിച്ച് ജയോച്ചൻ എല്ലാവരുടെയും പ്രശംസ പിടിച്ച്പറ്റി. പഞ്ചായത്ത് അധികൃതർ ഒരുക്കിയ സ്വീകരണ ത്തിൽ 500 രൂപ പാരിതോഷികവും നൽകി.പിന്നീടാണ് രാഷ്ട്രപതിയുടെ പുരസ്‌കാരം ലഭിച്ചത് .അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനിൽ നിന്നാണ് അവാർഡ് ഏറ്റു വാങ്ങിയത്. ജയോച്ചൻ വിട വാങ്ങിയതറിഞ്ഞ ആലക്കോട്ടുകാർ വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവം വീണ്ടും ഓർമ്മിച്ചെടുക്കുകയാണ്.