തൊടുപുഴ: ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി വഴിത്തല ശാന്തിഗിരി കോളേജിൽ ഭിന്നശേഷി സംഗമം 'ചിറക്- 2022 " 15ന് നടക്കുമെന്ന് പ്രിൻസിപ്പൽ ഫാ. പോൾ പാറക്കാട്ടേൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോളേജ് ഇൻഡോർ ഓഡിറ്റോറിയത്തിൽ രാവിലെ 10.30ന് ഇടുക്കി സബ് കളക്ടർ ഡോ.അരുൺ എസ്. നായർ ഉദ്ഘാടനം ചെയ്യും. സോഷ്യൽവർക്ക് വിഭാഗത്തിലെ വിദ്യാർത്ഥികൾ സമാഹരിച്ച തുക ഉപയോഗിച്ച് രണ്ട് ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക് വീൽചെയറുകൾ വാങ്ങി നൽകും. ശാന്തിഗിരി റീഹാബിലിറ്റേഷൻ സെന്ററിൽ നിന്ന് വിജയകരമായി പരിശീലനം പൂർത്തിയാക്കി ജീവിത വിജയം നേടി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിച്ചേർന്ന മൂന്ന് ഭിന്നശേഷിക്കാരെ ചടങ്ങിൽ ആദരിക്കും. തുടർന്ന് തൊടുപുഴ ബെൻബാൻഡ് അവതരിപ്പിക്കുന്ന സംഗീത വിരുന്നും ഉണ്ടാകും. സോഷ്യൽ വർക്ക് വിഭാഗത്തിന്റെ നേതൃത്വത്തിൽ കോളേജ് ഔട്ട് റീച്ച് പ്രോഗ്രാമിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് പ്രിൻസിപ്പൽ അറിയിച്ചു. വാർത്താസമ്മേളനത്തിൽ അഡ്മിനിസ്‌ട്രേറ്റർ ഫാ. അനീഷ് ചെറുതാണിക്കൽ, സോഷ്യൽ വർക്ക് എച്ച്.ഒ.ഡി സുജ തോമസ് എന്നിവരും പങ്കെടുത്തു.