പാമ്പാടുംപാറ : പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആശാ പ്രവർത്തകർക്കുള്ള ഒമ്പതാം മൊഡ്യൂൾ ബ്ലോക്ക്തല പരിശീലനത്തിന് തുടക്കമായി. നാല് ദിവസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞ് ഉദ്ഘാടനം ചെയ്തു. കരുണാപുരം, നെടുങ്കണ്ടം, ഉടുമ്പഞ്ചോല, പാമ്പാടുംപാറ തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിൽ നിന്ന് 79 ആശാപ്രവർത്തകരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.
കേരളത്തിന്റെ പൊതുജനാരോഗ്യ നാൾവഴികൾ, ആരോഗ്യ പ്രവർത്തനങ്ങളിൽ ആശാപ്രവർത്തകരുടെ ഉത്തരവാദിത്വം, പുതിയ കാലത്തെ പകർച്ചവ്യാധികൾ, ദുരന്തനിവാരണം, ആരോഗ്യ ഇൻഷുറൻസ്, ഏകാരോഗ്യം, നൂതന പ്രവർത്തനങ്ങൾ, മുതിർന്ന പൗരൻമാരുടെ ആരോഗ്യം, ഇ - സഞ്ജീവിനി, ടെലിമെഡിസിൻ തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം. മലമ്പനി ദിനാചരണത്തിന്റെ ഭാഗമായി ഹൈസ്‌കൂൾ കുട്ടികൾക്ക് സംഘടിപ്പിച്ച മത്സരത്തിൽ ഒന്നുമുതൽ മൂന്നാം സ്ഥാനംവരെ കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള സമ്മാന ദാനവും പരിപാടിയിൽ നടത്തി.
നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയൻ അദ്ധ്യക്ഷത വഹിച്ചു. കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിൻസ്, പഞ്ചായത്ത് അംഗങ്ങൾ, ഹെൽത്ത് സൂപ്പർ വൈസർ സാബു വി., ഹെൽത്ത് ഇൻസ്‌പെക്ടർ തമന ഭായ്, ആരോഗ്യ കേരളം പി.ആർ. ഒ.ജോബി ജോസഫ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ആർ.സന്തോഷ്, പ്രദീപ് എം. കൃഷ്ണൻ, ശശി പ്രസാദ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാർ തുടങ്ങിയവർ പങ്കെടുത്തു.