cm
ജില്ലയിലെ ഭൂപ്രശ്‌നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് എൽ.ഡി.എഫ് നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകുന്നു

ഇടുക്കി: ഭൂപതിവ് നിയമത്തിലും ചട്ടങ്ങളിലും ആവശ്യമായ ഭേദഗതികൾ വരുത്തുന്നതിനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്നും കോടതിയിൽ നിലവിലുള്ള കേസുകൾ കൂടി പരിഗണിച്ച് സമഗ്രമായ നിയമനിർമ്മാണം നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ്. മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ തന്നെ സന്ദർശിച്ച ജില്ലയിലെ എൽ.ഡി.എഫ് നേതാക്കൾക്കാണ് മുഖ്യമന്ത്രി ഉറപ്പ് നൽകിയത്.

ഇടുക്കി പാക്കേജ് ജില്ലയുടെ പ്രളയാന്തര പുനർനിർമാണത്തിനായി പ്രഖ്യാപിച്ചതാണെന്നും വിവിധ വകുപ്പുകളിലൂടെ ഘട്ടം ഘട്ടമായി പുനർനിർമിതി നടപ്പിലാക്കി വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ വകുപ്പുകൾ മുഖേന നടപ്പിലാക്കുന്ന പാക്കേജിലെ പദ്ധതികൾ ഏകോപിപ്പിക്കുന്നതിനായി നോഡൽ ഓഫീസറെ ഉടൻ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ വിവിധ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രി കെ.രാജൻ, വനം മന്ത്രി എ.കെ. ശശീന്ദ്രൻ എന്നിവരെയും സംഘം സന്ദർശിച്ചു. എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.കെ. ശിവരാമൻ, സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ്, സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലീംകുമാർ, കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ, വാഴൂർ സോമൻ എം.എൽ.എ, എൻ.സി.പി സംസ്ഥാന സെക്രട്ടറി അനിൽ കൂവപ്ലാക്കൽ, ജനാധിപത്യ കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സിബി മൂലേപ്പറമ്പിൽ, കോൺഗ്രസ് (എസ്) സംസ്ഥാന സെക്രട്ടറി സി.ജി. ഗോപി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

 ഭൂപതിവ് ഓഫീസുകൾ നിറുത്തില്ല
ജില്ലയിലെ ഭൂപതിവ് ഓഫീസുകൾ നിറുത്തലാക്കുമെന്ന പ്രചാരണം തെറ്റാണെന്ന് റവന്യൂ മന്ത്രി കെ. രാജൻ എൽ.‌‌ഡി.എഫ് സംഘത്തോട് പറഞ്ഞു. അർഹരായ മുഴുവൻ കർഷകർക്കും പട്ടയം നൽകുന്നത് വരെ ഓഫീസുകൾ പ്രവർത്തിക്കും. ലാൻഡ് രജിസ്റ്ററിൽ 'ഏലം' എന്ന് തെറ്റായി രേഖപ്പെടുത്തിയതു മൂലം 1993 പ്രത്യേക ഭൂപതിവ് ചട്ടങ്ങൾ പ്രകാരം പട്ടയം ലഭിക്കാത്ത കർഷകർക്ക് പട്ടയം നൽകാൻ ആവശ്യമായ ഭേദഗതികൾ വരുത്തി തുടർ നടപടികൾ സ്വീകരിക്കും. പട്ടയ വിതരണ നടപടികൾ ത്വരിതപ്പെടുത്തുന്നതിന് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചു ചേർക്കുമെന്നും മന്ത്രി അറിയിച്ചു.

വന്യജീവി ആക്രമണം തടയാൻ സോളാർ ഹാംഗിങ് ഫെൻസ്

കൃഷി ഭൂമിയിലും ജനവാസ കേന്ദ്രങ്ങളിലും വന്യജീവികളുടെ ആക്രമണം തടയാനും മൃഗങ്ങൾ വനാതിർത്തി കടക്കുന്നത് തടയാനുമായി സോളാർ ഹാംഗിങ് ഫെൻസിങ് സ്ഥാപിക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. വനാതിർത്തി കൂടുതലുള്ള ഇടുക്കിയിൽ കൂടുതൽ മേഖലകളിൽ വേലി സ്ഥാപിക്കേണ്ടി വരുന്നതിനാൽ എം.പി, എം.എൽ.എ, ത്രിതല പഞ്ചായത്ത് ഫണ്ടുകൾ കൂടി പ്രയോജനപ്പെടുത്തി ശാശ്വത പരിഹാരമാണ് ലക്ഷ്യമിടുന്നത്. വിവിധ ഡി.എഫ്.ഒമാർ വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുന്നത് പരിഹരിക്കുന്നതിനും വനംവകുപ്പും ജനങ്ങളുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും മേഖലാ അടിസ്ഥാനത്തിൽ നോഡൽ ഓഫീസർമാരെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മണിയാറൻകുടി- ഉടുമ്പന്നൂർ റോഡിൽ അനുകൂല നടപടി

പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി തുക അനുവദിച്ചിട്ടുള്ള മണിയാറൻകുടി- കൈതപ്പാറ- ഉടുമ്പന്നൂർ റോഡിന്റെ വീതി നിർണയം സംബന്ധിച്ചു ഫീൽഡ് സർവേ നടത്തി റിപ്പോർട്ട് നൽകാൻ വനം വകുപ്പും പി.എം.ജി.എസ്.വൈ ഉദ്യോഗസ്ഥരും ചോർന്ന് സംയുക്ത സർവേ പൂർത്തിയാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച റിപ്പോർട്ട് പരിഗണിച്ച് അനുകൂലമായ നടപടി സ്വീകരിക്കും. വനമേഖലയിൽ കൂടി കടന്നു പോകുന്ന റോഡുകൾക്ക് വനംവകുപ്പിന്റെ അംഗീകാരം നൽകുന്നത് സംബന്ധിച്ച് റോഡുകൾ പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിനായി ചീഫ് വൈൽഡ് ലൈഫ് കൺസർവേറ്റർക്ക് വനംമന്ത്രി നിർദേശം നൽകി.