തൊടുപുഴ: പൊതുജന പരാതി പരിഹാര അദാലത്തിൽ ജനങ്ങളുടെ പരാതികൾക്ക് പരമാവധി വേഗത്തിൽ പരിഹാരം ലഭ്യമാക്കാൻ ജില്ലയിലെ എല്ലാ വകുപ്പുകളും ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ് ആവശ്യപ്പെട്ടു. തൊടുപുഴ താലൂക്ക് മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ 19 ന് രാവിലെ 11ന് നടത്തുന്ന കളക്ടറുടെ പരാതി പരിഹാര അദാലത്തുമായി ബന്ധപ്പെട്ട് ചേർന്ന ജില്ലയിലെ വകുപ്പ് തലവന്മാരുടെ ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ.
പരാതി പരിഹാര അദാലത്തിന്റെ ആദ്യഘട്ടമാണ് തൊടുപുഴയിൽ നടക്കുന്നത്. ജനുവരി 31 നകം ജില്ലയിലെ മറ്റ് താലൂക്കുകളിലും അദാലത്ത് നടത്തും. സർവേ സംബന്ധമായ അപേക്ഷകൾ, ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷകൾ എന്നിവ ഒഴികെയുള്ള എല്ലാ പരാതികളിലും ജില്ലാതല, താലൂക്ക്തല വകുപ്പ് മേധാവികളുടെ സാന്നിദ്ധ്യത്തിൽ അദാലത്തിൽ ജില്ലാ കളക്ടർ പരിശോധിച്ച് തീർപ്പാക്കും.
അദാലത്തിൽ ജില്ലയിലെ എല്ലാ വകുപ്പുകളുടെയും കൗണ്ടർ ഉണ്ടാകും. പൊതുജനങ്ങളുടെ പരാതികൾ അതത് വകുപ്പുകളുടെ കൗണ്ടറുകളിലേക്ക് തിരിച്ചുവിടാൻ ഹെൽപ്പ് ഡെസ്‌ക് ഒരുക്കും. ഓരോ വകുപ്പിനും ലഭിച്ച പരാതികൾ, പരിഹരിച്ച പരാതികൾ, ഇനി പരിഹരിക്കാനുളള പരാതികൾ എന്നിവ രേഖപ്പെടുത്തും. തൽസമയം പരിഹരിക്കാനാവാത്ത പരാതികൾ ഒരു മാസത്തിനകം പരിഹരിച്ച് ബന്ധപ്പെട്ട വ്യക്തികളെയും ജില്ലാ നോഡൽ ഓഫീസറെയും അറിയിക്കണം. പരാതികൾ ഓൺലൈനായി സ്വീകരിക്കാനുള്ള സൗകര്യവും അദാലത്തിൽ ഉണ്ടാവും. ഹരിതചട്ടം പാലിച്ച് നടത്തുന്ന അദാലത്തിൽ വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് വേഗത്തിൽ സേവനം ലഭിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
ഡിസംബർ 19 മുതൽ 25 വരെ സംസ്ഥാന സർക്കാർ സദ്ഭരണ വാരമായി ആചരിക്കുന്നതിനാൽ ഇക്കാലയളവിൽ മുഖ്യമന്ത്രിയുടെ പോർട്ടൽ വഴി ലഭിക്കുന്ന പൊതുജനങ്ങളുടെ പരാതികൾ വേഗത്തിൽ തീർപ്പുകൽപ്പിച്ച് ജില്ലാതലത്തിൽ റിപ്പോർട്ട് ചെയ്യണമെന്നും സദ്ഭരണ വാരത്തിൽ ഓരോ ദിവസവും എത്ര സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കിയെന്ന് അറിയിക്കണമെന്നും കളക്ടർ യോഗത്തിൽ വകുപ്പ് ജില്ലാ മേധാവികളോട് ആവശ്യപ്പെട്ടു.