paara
പാറക്കല്ല് കൃഷിയിടത്തിൽ പതിച്ചപ്പോൾ

തൊടുപുഴ: മലമുകളിൽനിന്ന് താഴേക്ക് ഉരുണ്ടുവന്ന കൂറ്റൻ പാറക്കല്ല് പതിച്ച് റോഡും കൃഷിയിടവും തകർന്നു. ആലക്കോട് പഞ്ചായത്തിലെ കലയന്താനി പറമ്പുകാട്ടുമല റോഡും സമീപത്തെ കൃഷിഭൂമിയുമാണ് തകർന്നത്. തിങ്കളാഴ്ച രാത്രി 12 മണിക്ക് ശേഷമാണ് സംഭവം. വലതുവശത്തെ ഉയരം കൂടിയ മലമുകളിൽനിന്ന് മണ്ണും മരങ്ങളും തകർത്ത് ഉരുണ്ടുവന്ന പാറക്കല്ല് റോഡിൽ വീണ ശേഷം ഇടതുവശത്ത് താഴ്ചയേറിയ കൃഷിയിടത്തിലേക്ക് പതിക്കുകയായിരുന്നു. കല്ല് ഉരുണ്ടുവന്ന വഴിയിലും തൊട്ടടുത്തും ആൾതാമസമില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. കല്ലുപതിച്ച് റോഡ് പലയിടത്തും വിണ്ടുകീറുകയും വലിയ ഗർത്തം രൂപപ്പെടുകയും ചെയ്തു. റോഡിന് മുകളിലും താഴെയുമായി ആഞ്ഞിലി, പ്ലാവ്, റബ്ബർ എന്നിവയടക്കം നിരവധി മരങ്ങൾ ഒടിഞ്ഞിട്ടുണ്ട്. ദിവസവും നിരവധി വാഹനങ്ങളും സ്‌കൂൾ കുട്ടികളടക്കം യാത്രക്കാരും സഞ്ചരിക്കുന്ന റോഡിന് സമീപത്തെ മലമുകളിൽ ഇനിയും ഇത്തരം കൂറ്റൻ പാറക്കല്ലുകളുള്ളതിനാൽ പ്രദേശവാസികൾ ആശങ്കയിലാണ്. ആലക്കോട്, കരിമണ്ണൂർ വില്ലേജ് അധികൃതരും ആലക്കോട് പഞ്ചായത്ത് പ്രതിനിധികളും സംഭവസ്ഥലം സന്ദർശിച്ചു. ശേഷിക്കുന്ന പാറക്കല്ലുകൾ പൊട്ടിച്ചുനീക്കി അപകടഭീഷണി ഒഴിവാക്കാൻ അടിയന്തിര നടപടി അഭ്യർത്ഥിച്ച് ജില്ലാ കലക്ടർക്ക് കത്തയച്ചതായി ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് മിനി ജെറി പറഞ്ഞു.