തൊടുപുഴ: തൊടുപുഴയാറിന് കുറുകെ കാഞ്ഞിരമറ്റത്തെയും ഒളമറ്റത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന മാരിയിൽ കലുങ്ക് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മിക്കുന്നതിന് എം.എൽ.എയുടെ നിയോജക മണ്ഡല ആസ്തി വികസന ഫണ്ടിൽ നിന്ന് 1.80 കോടി രൂപ അനുവദിച്ചതായി പി.ജെ. ജോസഫ് എം.എൽ.എ അറിയിച്ചു. ധനവകുപ്പിൽ നിന്ന് പ്രത്യേക അനുമതി വാങ്ങിയ ശേഷമാണ് ഭരണാനുമതി ലഭ്യമാക്കിയത്. പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മിക്കാൻ 2.70 കോടി രൂപയുടെ എസ്റ്റിമേറ്റാണ് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ 90 ലക്ഷം രൂപ അപ്രോച്ച് റോഡ് നിർമ്മാണത്തിനായി മുമ്പ് ലഭിച്ച ഭരണാനുമതിയിൽ അവശേഷിക്കുന്നുണ്ട്. കുറവു വന്ന 1.80 കോടി രൂപ എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് നഗരസഭ കൗൺസിലർമാരായ അഡ്വ. ജോസഫ് ജോൺ, പി.ജി. രാജശേഖരൻ, ടി.എസ്. രാജൻ, സി. ജിതേഷ് എന്നിവർ പി.ജെ. ജോസഫ് എം.എൽ.എയ്ക്ക് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിക്കുന്നതിന് തീരുമാനിച്ചത്.
എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച 1.80 കോടി രൂപയുടെ എസ്റ്റിമേറ്റിനുള്ള സാങ്കേതികാനുമതി ലഭിച്ചാലുടൻ ഈ തുകയ്ക്കുള്ള ജോലിയും ടെണ്ടർ ചെയ്യും.
മരം മുറിക്കണം
അപ്രോച്ച് റോഡിനുള്ള പ്രദേശങ്ങളിലെ മരങ്ങൾ വെട്ടിമാറ്റുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്. ഇതിനായി ട്രീ കമ്മറ്റി യോഗം ചേരുകയും വെട്ടിമാറ്റേണ്ട മരങ്ങളുടെ വില നിശ്ചിയിച്ച് നൽകുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പ് മരങ്ങൾ വെട്ടി മാറ്റന്നതിനുള്ള ക്വട്ടേഷൻ വിളിച്ചു. മരം വെട്ടി മാറ്റുന്നതോടുകൂടി അപ്രോച്ച് റോഡിന്റെ നിർമ്മാണം ആരംഭിക്കാൻ കഴിയും.
'90 ലക്ഷം രൂപ ഉപയോഗിച്ചുകൊണ്ടുള്ള നിർമ്മാണമാണ് ആദ്യം ആരംഭിക്കുക. നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുന്നതിന് വേണ്ട നടപടി ക്രമങ്ങൾ പൂർത്തിയായി വരികയാണ്."
-പി.ജെ. ജോസഫ് എം.എൽ.എ